അയര്‍ലണ്ടില്‍ cost-rental വീടുകള്‍ കൂടുതലായി നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കാനൊരുങ്ങി സര്‍ക്കാര്‍.
എന്താണ് Cost-rental?
ഒരു പ്രദേശത്തെ മാര്‍ക്കറ്റ് നിരക്കില്‍ നിന്നും 25% കുറവ് വാടകയ്ക്ക് വീടുകള്‍ നല്കുന്നതിനെയാണ് cost-rental എന്ന് പറയുന്നത്. ഈ വീടുകള്‍ നോക്കിനടത്തുന്നത് അംഗീകൃത ഹൗസിങ് ബോഡികളോ, തദ്ദേശസ്ഥാപനങ്ങളോ, ലാന്‍ഡ് ഡെവലപ്മെന്റ് ഏജന്‍സികളോ ആയിരിക്കും.
വലിയ വാടക നല്കാന് കഴിവില്ലാത്തവരെ ഹായിക്കുകയാണ് cost-rental പദ്ധതിയുടെ ഉദ്ദേശ്യം. അതായത് നിര്‍ദ്ദിഷ്ട വരുമാനത്തിന് താഴെ മാത്രം വരവ് ഉള്ളവര്‍ക്കാണ് ഈ വീടുകള്‍ വാടകയ്ക്ക് ലഭിക്കാന്‍ അര്‍ഹത. വേറെ താമസം ലഭ്യമല്ലാതിരിക്കുക, നിലവിലെ താമസസ്ഥലം വാസപര്യാപ്തമല്ലാതിരിക്കുക എന്നീ നിബന്ധനകളുമുണ്ട്.
എന്താണ് പുതിയ പദ്ധതി?
ഇത്തരം cost-rental വീടുകള്‍ നിര്‍മ്മിക്കാനായി വലിയൊരു തുക ഇന്‍സന്റീവായി നല്കുന്ന തരത്തിലാണ് അണിയറയില്‍ പുതിയ പദ്ധതിയൊരുങ്ങുന്നതെന്നാണ് വിവരം. പണപ്പെരുപ്പം കാരണം കെട്ടിടനിര്‍മ്മാണം മെല്ലെയാകുന്ന സാഹചര്യത്തില്‍, ഈ പദ്ധതി നേട്ടം കാണുമെന്നാണ് വിലയിരുത്തല്‍.
Affordable cost-rental കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന ഡെവലപ്പര്‍മാര്‍ക്ക് ഇന്‍സന്റീവുകള്‍ നല്കുന്ന തരത്തിലാകും പദ്ധതി. ഒരു കെട്ടിടത്തിന് 150,000 യൂറോ വരെ ഇന്‍സന്റീവായി നല്‍കിയേക്കും.
500 മുതല്‍ 700 മില്യണ്‍ യൂറോ വരെ പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവയ്ക്കുമെന്നാണ് കരുതുന്നത്. ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000 മുതല്‍ 5,000 വരെ cost-rental കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും കരുതുന്നു.
തദ്ദേശസ്ഥാപനങ്ങള്‍ക്കായി കെട്ടിടങ്ങള്‍ cost-rental പ്രകാരം ഏറ്റെടുക്കുകയും പദ്ധതി വഴി സാധ്യമാക്കും.
പദ്ധതി എത്തരത്തില്‍ ഗുണം ചെയ്യും?
ചെറിയ വാടകയ്ക്ക് കൂടുതല്‍ വീടുകള്‍ ലഭ്യമാകുന്നതോടെ രാജ്യത്തെ ഭവനപ്രതിസന്ധിക്ക് ഒരു അളവ് വരെ പരിഹാരമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവില്‍ ആവശ്യത്തിന് വീടുകള്‍ ലഭിക്കാത്തത് കാരണം വാടക വര്‍ദ്ധിച്ച നിലയിലാണ്.
മറ്റ് പദ്ധതികള്‍
ഈ പദ്ധതിക്ക് പുറമെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ നവീകരിക്കുന്നതിന് നല്കുന്ന ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച മന്ത്രിസഭ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. നിലവില്‍ 30,000 യൂറോ മുതല്‍ 50,000 യൂറോ വരെയാണ് ഗ്രാന്റ്.
ഭവനപ്രതിസന്ധി പരിഹാരത്തിന്റെ ഭാഗമായി ഡെലവപ്മെന്റ് ഫീസ് താല്‍ക്കാലികമായി നിര്‍ത്തലാക്കുക, affordable rental apartments-ന്റെ നിര്‍മ്മാണത്തിന് സബ്സിഡി നല്‍കുക എന്നിവയും പരിഗണനയിലാണ്.
പദ്ധതി വരും ദിവസങ്ങളില്‍ തന്നെ ഭവനമന്ത്രി Darragh O’Brien പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു.