രാജ്യത്തെ ഔദ്യോഗിക ഉപകരണങ്ങളില്‍ ടിക്ക്‌ടോക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. National Cyber Security-യുടെ ഉപദേശപ്രകാരം സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
യു.കെ, യുഎസ്, ഏതാനും ഇയു രാജ്യങ്ങള്‍ എന്നിവയുടെ പാത പിന്തുടര്‍ന്നാണ് ഔദ്യോഗിക സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ചൈനീസ് ആപ്പായ ടിക്ക്‌ടോക് നിരോധിക്കാന്‍ അയര്‍ലണ്ടും തീരുമാനിച്ചത്. ഇന്ത്യയില്‍ നേരത്തെ തന്നെ ടിക്ക്‌ടോക്കിന് നിരോധനമുണ്ട്.
പ്രത്യേക ബിസിനസ് ആവശ്യം ഇല്ലാത്തപക്ഷം ഔദ്യോഗിക ഉപകരണങ്ങളില്‍ ടിക്ക്‌ടോക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഉപദേശമെന്ന് വരദ്കര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നതായും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.
ടിക്ക്‌ടോക്, അത് ഉപയോഗിക്കുന്ന ഉപകരണത്തിലെ വിവരങ്ങള്‍ ശേഖരിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ വിവരങ്ങള്‍ ചൈനയിലേയ്ക്ക് ചോര്‍ത്തുന്നതായും, ഇത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നുമാണ് ആരോപണം. ഇത് മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ ടിക്ക്‌ടോക്കിന് എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരോധനം ഏര്‍പ്പെടുത്തയത്.
അതേസമയം ഈ തീരുമാനം എപ്പോള്‍ വേണമെങ്കിലും പുനഃപരിശോധിച്ച് മാറ്റപ്പെടാം എന്ന് പറഞ്ഞ വരദ്കര്‍, ടിക്ക്‌ടോക് അയര്‍ലണ്ടിലെ പ്രധാന നിക്ഷേപക കമ്പനികളിലൊന്നാണെന്നും പറഞ്ഞു. നിരവധി പേര്‍ക്ക് കമ്പനി ജോലി നല്‍കുന്നുവെന്നത് പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും സൈബര്‍ സുരക്ഷാ ഉപദേശം സ്വീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
തീരുമാനം നിരാശാജനകമാണെന്നും, നിരോധനത്തിന് മുമ്പ് തങ്ങളുമായി കൂടിയാലോചിച്ചില്ലെന്നും ടിക്ക്‌ടോക് പ്രതികരിച്ചു. തങ്ങള്‍ വിവരങ്ങള്‍ എത്തരത്തിലാണ് സൂക്ഷിക്കുന്നത് എന്ന് വ്യക്തമാക്കാനായി സര്‍ക്കാരുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കമ്പനി പറയുന്നു. ചൈനീസ് കമ്പനിയായ ByteDance ആണ് ടിക്ക്‌ടോക്കിന്റെ ഉടമകള്‍.