അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിനുകള്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട്. ഡബ്ലിനിലെ School of Nursing-ല്‍ പ്രൊഫസറായ Anthony Staines ആണ് HSE നിരന്തരമായി ശ്രമിച്ചിട്ടും, ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ബോധവത്കരിക്കാന്‍ സാധിക്കാത്തതായി വെളിപ്പെടുത്തിയത്. അതേസമയം ഇത് അയര്‍ലണ്ടിലെ മാത്രം പ്രശ്നമല്ലെന്നും അദ്ദേഹം പറയുന്നു.
RTE പരിപാടിയില്‍ സംസാരിക്കവേ, അയര്‍ലണ്ടിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാന ഭീഷണികളിലൊന്നാണ് ഇതെന്ന്, വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ കാട്ടിയായിരുന്നു അദ്ദേഹം വിശദീകരിച്ചത്.
കോവിഡ്-19, ഇന്‍ഫ്ളുവന്‍സ രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇത്തരത്തില്‍ ആളുകള്‍, പ്രത്യേകിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, കൃത്യമായി വാക്സിന് എടുക്കാത്തതാണെന്ന് Stanies പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ അവശ്യ സമയത്ത് അവര്‍ക്ക് ജോലിക്കെത്താന്‍ സാധിക്കാതെയും വന്നു.
വാക്സിന് എടുക്കാത്തത് കാരണം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുകയും, ആരോഗ്യ സംവിധാനത്തിന് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അയര്‍ലണ്ടിന് പുറമെ യു.കെയിലും സമാനമായ സ്ഥിതിവിശേഷമുണ്ടെന്നും Staines പറയുന്നു.
World Health Organisation-ന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ പതിറ്റാണ്ട് അവസാനിക്കുന്നതോടെ 30 മില്യണ്‍ നഴ്സുമാരുടെയും, 2 മില്യണ്‍ ഡോക്ടര്‍മാരുടെയും കുറവ് അനുഭവപ്പെടുമെന്നാണ് കണക്ക്. ഇവിടെ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ പുറത്ത് നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ നല്ല രീതിയില്‍ ഇവിടെ ജോലിസാഹചര്യം ഒരുക്കിയില്ലെങ്കില്‍, അവര്‍ കൂടുതല്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്ന രാജ്യങ്ങള്‍ തേടി പോകുമെന്നും Staines മുന്നറിയിപ്പ് നല്കുന്നു.
ആരോഗ്യപ്രവര്‍ത്തരുടെ താമസം, ജൂനിയര്‍ ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയും പരിഹരിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ അദ്ദേഹം, നിലവില്‍ രാജ്യത്ത് മാസ്ക് ഒഴിവാക്കുന്നത് അപകടകരമായേക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നിലവില്‍ 300 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നതെന്നും അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടി.