അയര്‍ലണ്ടില്‍ കാര്‍ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ ടാക്സ് സംവിധാനത്തിന് രൂപം നല്കാന് നീക്കമെന്ന് റിപ്പോര്‍ട്ട്. ഗാതാഗതമന്ത്രിയും, ഗ്രീന്‍ പാര്‍ട്ടി നേതാവുമായ ഈമണ്‍ റയാനാണ് പുതിയ ടാക്സ് സംവിധാനം നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നത്.
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പൊതുഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുക, കാല്‍നടയാത്ര, സൈക്കിള്‍ യാത്ര എന്നിവ അപകടരഹിതമാക്കുക എന്നിങ്ങനെ ഒരുപിടി ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ളതാണ് പുതിയ ടാക്സ് സംവിധാനം. രാജ്യത്തിന്റെ സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവെപ്പുകൂടിയാകും ഇത്.
പുതിയ ടാക്സ് സംവിധാനത്തെപ്പറ്റി വിശദീകരിക്കുന്നതിനായി മന്ത്രി റയാന്, ഇന്ന് മറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.
ടാക്സ് നിലവില്‍ വരുന്നതിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട് പൊതുജനത്തിന്റെ അഭിപ്രായവും തേടും. വരും വര്‍ഷം ഇതിനായി മാറ്റിവയ്ക്കും. ശേഷമാകും പദ്ധതി നിയമമാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക.