ഡബ്ലിന്‍ റീജന്‍സി ഹോട്ടലില്‍ വച്ച് ഡേവിഡ് ബൈറനെ (33) വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ മാഫിയാ തലവനായ ജെറി ‘ദി മങ്ക്’ ഹച്ചിനെ കോടതി വെറുതെ വിട്ടു. 2016 ഫെബ്രുവരി 5-നാണ് ഹച്ച്-കിനാന്‍ മാഫിയാ സംഘങ്ങളുടെ കുടിപ്പകയില്‍ ബൈറന് ജീവന് നഷ്ടപ്പെടുന്നത്. ജെറി ഹച്ചാണ് ആക്രമണം നടത്തിയതെന്നായിരുന്നു കേസ്.
ഹച്ചിനെ വെറുതെ വിട്ടെങ്കിലും, ഒപ്പം പ്രതിചേര്‍ക്കപ്പെട്ട പോള്‍ മര്‍ഫി (61), ജേസണ്‍ ബോണി (50) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ബൈറനെ കൊലപ്പെടുത്തുന്നതിനായി വാഹനങ്ങള്‍ വിട്ടുനല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്.
കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന കേസില്‍ നിലവില്‍ ശിക്ഷയനുഭവിച്ചുവരുന്ന മുന്‍ Sinn Fien കൗണ്‍സിലര്‍ കൂടിയായ Jonathan Dowdall ഈ കേസില്‍ പ്രധാന സാക്ഷിയായി വിസ്തരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെ സാക്ഷ്യം സുതാര്യമല്ല എന്നാണ് കോടതി വീക്ഷിച്ചത്. ഇയാളുടെ വിശ്വാസ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതാണ് ഹച്ചിന് അനുകൂലവിധി നേടാന്‍ സഹായകമായത്.
കൊലപാതക സമയത്ത് ജെറി ഹച്ച്, റീജന്‍സി ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിക്കാത്തതും ഹച്ചിനെ വെറുതെ വിടാന്‍ കാരണമായി.
2016 ഫെബ്രുവരി 5-ന് റീജന്‍സി ഹോട്ടലില്‍ വച്ച് നടന്ന ഒരു ബോക്സിങ് ചാംപ്യന്ഷിപ്പിനിടെയാണ് ഡേവിഡ് ബൈറന് കൊല്ലപ്പെടുന്നത്. ആയുധധാരികളായ അഞ്ച് പേരാണ് വെടിവെപ്പ് നടത്തിയത്. ഇതില്‍ മൂന്ന് പേര് ഗാര്‍ഡ യൂണിഫോമിലായിരുന്നു എത്തിയിരുന്നത്.
2021 സെപ്റ്റംബറില്‍ സ്പെയിനില്‍ വച്ചാണ് രാജ്യം വിട്ട ജെറി ഹച്ചിനെ പൊലീസ് പിടികൂടുന്നത്. ശേഷം ഡബ്ലിനിലെ Wheatfield ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇയാള്‍.