അയര്‍ലണ്ടില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് മെറ്റ് എറാന്‍. ഉയര്‍ന്ന അന്തരീക്ഷമര്ദ്ദമാകും രാജ്യത്ത് അനുഭവപ്പെടാന്‍ പോകുന്നതെന്നും, ഇത് കാരണമാണ് രാജ്യമെങ്ങും ചൂട് വര്‍ദ്ധിക്കുകയെന്നും കാലാവസ്ഥാവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു.
ഇന്ന് (തിങ്കളാഴ്ച) താപനില 18 ഡിഗ്രി വരെ വര്‍ദ്ധിച്ചേക്കാം. അതായത് മെഡിറ്ററേനിയന്‍ പ്രദേശത്തെ ഏറ്റവും വലിയ ദ്വീപായ സിസിലിയെക്കാള്‍ ചൂടാകും ഇവിടെ അനുഭവപ്പെടുക. സിസിലിയില്‍ ഇന്നത്തെ താപനില 12 ഡിഗ്രി വരെ മാത്രമേ ഉയരൂവെന്നാണ് പ്രവചനം.
നോവ കൊടുങ്കാറ്റ് അടക്കം പ്രക്ഷുബ്ധമായ ദിനങ്ങള്‍ക്ക് ശേഷം വീണ്ടും പ്രധാനകാലാവസ്ഥാ മാറ്റത്തെയാണ് രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതെന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ പറയുന്നത്. അതേസമയം പരിഭ്രാന്തി വേണ്ടെന്നും വിദഗ്ദ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ന് പൊതുവെ മേഘം മൂടിയ അന്തരീക്ഷമായിരിക്കും. ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. 13 മുതല്‍ 17 ഡിഗ്രി വരെ താപനില ഉയരും. രാത്രിയോടെ മൂടല്‍മഞ്ഞ് അനുഭവപ്പെടും.
ചൊവ്വാഴ്ച രാവിലെയും മൂടല്മഞ്ഞിന് സാധ്യതയുണ്ട്. 15 മുതല്‍ 18 ഡിഗ്രി വരെ താപനില ഉയരും. രാത്രിയില്‍ 2 മുതല്‍ 6 ഡിഗ്രി വരെയാകും താപനില.
ബുധനാഴ്ച പൊതുവെ തണുത്ത കാലാവസ്ഥ ആയിരിക്കും. മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം വ്യാഴം, വെള്ളി ദിവസങ്ങളില്‍ താപനില വീണ്ടും ഉയരും. 12 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെടാം.