അയര്‍ലന്‍ഡിലെ അധ്യാപകക്ഷാമം പരിഹരിക്കാന്‍ ‘ടീച്ചര്‍ ഷെയറിങ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. ക്ഷാമം നേരിടുന്ന വിഷയങ്ങളിലെ അധ്യാപകരെ ഒന്നിലധികം സ്കൂളുകളിലേക്ക് നിയമിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
പുതിയ അദ്ധ്യയനവര്‍ഷത്തില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. തിരഞ്ഞെടുക്കപ്പെടുന്ന സെക്കന്ററി സ്കൂളുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക.
2019 ല്‍ രൂപം നല്കിയ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യഘട്ടം വിജയമാണെങ്കില്‍ പദ്ധതി പിന്നീട് കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും.
ക്ഷാമം നേരിടുന്ന വിഷയങ്ങളിലേക്ക് കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നതിനൊപ്പം തന്നെ അധ്യാപകര്‍ക്ക് ഫുള്‍ ടൈം കരാറുകള്‍ നല്‍കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി Norma Foley കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ മാനേജുമെന്റുകളുമായി വിദ്യാഭ്യാസവകുപ്പ് ചര്‍ച്ചകള്‍ നടത്തിവരികയാണ്. എന്നാല്‍ അധ്യാപകക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് ഈ പദ്ധതി പര്യാപ്തമല്ല എന്ന പ്രതികരണമാണ് മാനേജ്മെന്റ് പ്രതിനിധി ഗ്രൂപ്പുകളില്‍ നിന്നും ഉയരുന്നത്.