വാട്ടര്‍ഫോര്‍ഡിലെ Lismore ല്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍ തുടങ്ങുന്നതിനെതിരെ പ്രതിഷേധം. ഇരുനൂറിലധികം ആളുകളാണ് ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് മുന്നോടിയായി തദ്ദേശവാസികളില്‍ നിന്നും അഭിപ്രായം ആരാഞ്ഞില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.
2016 ല്‍ അടച്ചുപൂട്ടിയ Lismore House ഹോട്ടലിലാണ് ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. 117 അഭയാര്‍ത്ഥികളെ ഇവിടെ താമസിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. അയര്‍ലന്‍ഡില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ തേടുന്ന 69 പേര്‍ ഉടന്‍ തന്നെ ഇവിടെയെത്തും. ഫെബ്രുവരി മാസം അവസാനത്തോടെ 26 പേരും, മാര്‍ച്ച് അവസാനത്തോടെ 22 പേരുമാണ് ഈ കേന്ദ്രത്തിലേക്കെത്തുക.
Lismore ല്‍ ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍ തുടങ്ങാനുള്ള കാരണവും, ഇവര്‍ക്ക് അവശ്യ സേവനങ്ങള്‍ ഒരുക്കുന്നത് എങ്ങിനെയെന്നും വിശദീകരിക്കണമെന്നാണ് പ്രതിഷേധക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടത്. തദ്ദേശവാസികള്‍ക്ക് ഒരാഴ്ച മുന്‍പ് മാത്രമാണ് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്ന് പ്രതിഷേധപരിപാടിയുടെ സംഘാടകരിലൊരാളായ Brian Buckley പറഞ്ഞു.
Lismore എന്നത് ഒരു പൈതൃകനഗരമാണെന്നും, ഇവിടുത്തെ പ്രദേശവാസികളുടെ പ്രധാനജീവിതമാര്‍ഗ്ഗം ടൂറിസമാണെന്നും, അതിനാല്‍ തന്നെ Lismore House ഹോട്ടല്‍ ഒരു ഹോട്ടല്‍ ആയിത്തന്നെ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മേഖലയിലെ Lismore Social and Economic Community Group അംഗവും, വ്യാപാരിയുമായ Joanne Roche പറഞ്ഞു. 2016 ല്‍ അടച്ചുപൂട്ടുന്നത് വരെ ഇവിടേക്കെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന താമസസ്ഥലമായിരുന്നു Lismore House ഹോട്ടല്‍.
അയര്‍ലന്‍ഡിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് താമസസൌകര്യം നല്‍കേണ്ടത് നിലവില്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നും അതിനാല്‍ എല്ലാ ഇതിനായുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും Children, Equality, Disability, Integration and Youth മിനിസ്ട്രി വക്താവ് Roderic O’Gorman പറഞ്ഞു. രാജ്യത്തെ എല്ലാ ഭാഗത്തും ഇത്തരം എമര്‍ജന്‍സി അക്കമഡേഷന്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഭയാര്‍ത്ഥികള്‍ക്ക് ഇടമില്ല എന്ന് അവരോട് പറയാന്‍ കഴിയില്ലെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് Eamon Ryan പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണം, കൂടാതെ ഒരു പ്രദേശത്ത് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുമ്പോള്‍ തദ്ദേശവാസികളെ ഈ കാര്യം കൃത്യമായി ബോധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.