ഭര്‍ത്താവിന്റെ ബിസിനസിനെ പരാജയത്തില്‍ നിന്നും രക്ഷിക്കാനായി ക്രെഡിറ്റ് യൂണിയനില്‍ നിന്നും പലതവണയായി 875,000 യൂറോ തട്ടിെയടുത്ത മാനേജര്‍ക്ക് രണ്ട് വര്‍ഷം തടവ്ശിക്ഷ വിധിച്ച് കോടതി. 66 കാരിയായ Anne Butterly യാണ് നാല് വര്‍ഷത്തിനുള്ള ഇത്ര ഭീമമായ തുക ക്രെഡിറ്റ് യൂണിയനില്‍ നിന്നും തട്ടിയെടുത്തത്.
ബ്ലാങ്ക് ചെക്കുകളില്‍ ഒപ്പുവച്ചുകൊണ്ടും, അംഗങ്ങളുടെ ഓഹരിയില്‍ നിന്നും ഫണ്ട് തിരിമറി നടത്തിയും, അംഗങ്ങളുടെ അക്കൌണ്ടുകളില്‍ അനധികൃതമായി വിനിമയം നടത്തിയും, ക്രെഡിറ്റ് യൂണിയന്‍ ഫണ്ട് ഉപയോഗിച്ച് വാഹനം വാങ്ങിയുമായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇതിനുമുന്‍പ് Rush ക്രെഡിറ്റ് യൂണിയനില്‍ നിന്നും 34496 യൂറോ തട്ടിയെടുത്ത കേസില്‍ Butterly കുറ്റം സമ്മതിച്ചിരുന്നു.
വളരെ ഗുരുതരമായ കുറ്റമാണ് ഇതെന്നും, ആളുകള്‍ ഇവരില്‍ അര്‍പ്പിച്ച വിശ്വാസം മുതലെടുത്തുകൊണ്ടാണ് Butterly തട്ടിപ്പ് നടത്തിയത് എന്നുമാണ് ജഡ്ജ് Martin Nolan പറഞ്ഞത്. തട്ടിപ്പിന് ഇരയായവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ജഡ്ജ് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനിക്കുള്ള തുക Butterly യുടെ കുടുംബവും കൈമാറിയിട്ടുണ്ട്.
2016 ലായിരുന്നു കേസിലെ അന്വേഷണം ആരംഭിച്ചത്. ഇടപാടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തടര്‍ന്ന് Rush ക്രെഡിറ്റ് യൂണിയന്‍ ഗാര്‍ഡയെ സമീപിക്കുകയായിരുന്നു. ഡിറ്റക്ടീവ് ഗാര്‍ഡ Michael Owens ന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഒരു വളണ്ടിയറായി സ്ഥാപനത്തില്‍ ജോലി ആരംഭിച്ച Butterly പിന്നീട് മാനേജര്‍ റോളിലേക്കെത്തുകയായിരുന്നു. ഇതിനകം തന്നെ സ്ഥാപനത്തിന്റെ നിയന്ത്രണവും Butterly ഏറ്റെടുത്തിരുന്നു. ചെക്കുകള്‍ ഒപ്പുവയ്ക്കുന്നതിനുള അധികാരമടക്കം ഇവര്‍ക്കായിരുന്നുവെന്നും ഗാര്‍ഡ ഡിറ്റക്ടീവ് കോടതിയില്‍ പറഞ്ഞു.
അന്വേഷണം പുരോഗമിക്കവേയാണ് ചില ചെക്കുകള്‍ ഇവരുടെ ഭര്‍ത്താവിന്റെ സ്ഥാപനത്തിന്റെ പേരിലാണ് മാറിയതെന്ന് ഗാര്‍ഡ കണ്ടെത്തിയത്. Butterly അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിച്ചിരുന്നതായും ഗാര്‍ഡ ഡിറ്റക്ടീവ് Michael Owens കോടതിയെ അറിയിച്ചു.
Butterly ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നതായും, കേസില്‍ 2020 ല്‍ അറസ്റ്റ് രേഖപ്പടുത്തിയതോടെ ഇത് വഷളായതായും പ്രതിഭാഗം കോടതിയെ അറിയിച്ചു. ഒരാളുടെ മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ള രോഗിയാണ് Butterly എന്നായിരുന്നു ഇവര്‍ കോടതിയില്‍ പറഞ്ഞത്.