അയര്‍ലന്‍ഡിലെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് കൂടതല്‍ സുരക്ഷാ ഉപകരണങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ്. ഗാര്‍ഡ ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഡ റെപ്രസന്റേറ്റിവ് അസോസിയേഷനുകളുമായി നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ബോഡി-ക്യാം നല്‍കുന്നതടക്കമുള്ള നടപടികളോട് തനിക്ക് യോജിപ്പാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമങ്ങളെ ശക്തമായി അപലപിച്ചുകൊണ്ടായിരുന്നു കമ്മീഷണര്‍ കഴിഞ്ഞ ദിവസം സംസാരിച്ചത്. ഗാര്‍ഡയുടെ സുരക്ഷിതത്വം വളരെ പ്രാധാന്യമുള്ളതാണ്, ഈ വര്‍ഷം നിരവധി തവണ സേനയിലെ അംഗങ്ങള്‍ ആക്രമിക്കപ്പെട്ടു, കൃത്യനിര്‍വ്വണം നടത്തുന്ന ഗാര്‍ഡ അംഗങ്ങളെ അക്രമിച്ചുകളയാമെന്ന് സമൂഹത്തിലെ ചെറിയ ഒരു വിഭാഗം ആളുകള്‍ കരുതുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാര്‍ഡയിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും കമ്മീഷണര്‍ ഡ്രൂ ഹാരിസ് പ്രതികരിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പരിശീലനത്തെ ബാധിച്ചതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ഗാര്‍ഡയില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ടായിട്ടുണ്ട്, രാജിയും, വിരമിക്കലും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം 450 ഓളം പേര്‍ സേനയില്‍ നിന്നും പുറത്തേക്ക് പോവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷങ്ങളായി ഗാര്‍ഡയില്‍ 1200 അംഗങ്ങളുടെ വര്‍ദ്ധനവുണ്ടായതായി ഈയടുത്ത് ഗാര്‍ഡ പ്രസ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 800 ഓളം ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റീവ് ചുമതലകളില്‍ നിന്നും ഓപ്പറേഷണല്‍ ചുമതലകളിലേക്ക് മാറ്റുമെന്നും ഈ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.