ഗ്രീന്‍ഹൗസ് ഗ്യാസ് എമ്മിഷന്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള അയര്‍ലന്‍ഡിന്റെ പുതുക്കിയ കാലാവസ്ഥാ കര്‍മ്മപദ്ധതികള്‍ ഇന്ന് പ്രഖ്യാപിക്കും. കാര്‍ യാത്രകര്‍ കുറയ്ക്കുന്നതും, സ്ട്രീറ്റ് പാര്‍ക്കിങ് സ്പേസുകള്‍ കുറയ്ക്കുന്നതും, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമടക്കമുള്ള നടപടികള്‍ പുതിയ പദ്ധതിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗതാഗതമേഖലയ്ക്കാണ് ഊന്നല്‍ കൊടുക്കുന്നതെങ്കിലും മറ്റെല്ലാ മേഖലയിലും സ്വീകരിക്കേണ്ട നടപടികള്‍ കര്‍മ്മപദ്ധതിയിലുണ്ടാവും.
2030 ഓടെ ഗ്രീന്‍ ഹൗസ് ഗ്യാസ് എമ്മിഷന്‍ 51 ശതമാനം കുറയ്ക്കാനുള്ള ചില ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിസിറ്റിയില്‍ നിന്നുള്ള എമ്മിഷന്‍ 75 ശതമാനം കുറയ്ക്കുക, ഗതാഗതത്തില്‍ നിന്നുള്ള എമ്മിഷന്‍ 50 ശതമാനം കുറയ്ക്കുക, റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളില്‍ നിന്നുള്ളത് 40 ശതമാനം, കൃഷിയില്‍ നിന്നുള്ളത് 25 ശതമാനം കുറയ്ക്കുക എന്നിങ്ങനെയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ സംബന്ധിച്ച് സര്‍ക്കാരില്‍ വ്യക്തതയുണ്ടായിരുന്നില്ല.
എന്നാല്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന പുതുക്കിയ കാലാവസ്ഥാ കര്‍മ്മപദ്ധതിയില്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗ്ഗരേഖ സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാര്‍ യാത്രകള്‍ 20 ശതമാനം കുറയ്ക്കാനുള്ള നടപടികള്‍ ഇന്ന് കര്‍മ്മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചേക്കും. 2030 ഓടെ മൂന്നില്‍ ഒരു ഭാഗം കാറുകളും ഇലക്ട്രിക് കാറുകളാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. 2025 ഓടെ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകള്‍, പൊതു കെട്ടിടങ്ങള്‍, സകൂളുകള്‍ തുടങ്ങി കഴിയാവുന്ന ഇടങ്ങളിലെല്ലാം സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. 2025 ഓടെ 28000 ഹെക്ടര്‍ ഭൂപ്രദേശത്ത് വനവത്കരണം നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്.