ജനുവരിയില്‍ അയര്‍ലന്‍ഡിലെ കോവിഡ് കേസുകളിലും, ഫ്ലൂ കേസുകളിലും കുത്തനെ വര്ദ്ധനവുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകളുമായി രാജ്യത്തെ ആശുപത്രികള്‍. അടുത്ത 14 ആഴ്ചകള്‍ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡുകളിലടക്കം വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് HSE മേധാവി Stephen Mulvany കഴിഞ്ഞ ദിവസം പറഞ്ഞു.
കഴിഞ്ഞ കൃസ്തുമസ് കാലത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമായിരുന്നു പിടിമുറുക്കിയതെങ്കില്‍ ഇത്തവണ BQ1, BQ1.1 എന്നീ വകഭേദങ്ങളാണ് കുടുതലായി പടര്‍ന്നുപിടിക്കുന്നതെന്ന് HSE മേധാവി പറഞ്ഞു.
RSV വൈറസ് വ്യാപനം അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തിയിരിക്കുന്നു, കോവിഡും, ഫ്ലൂവും ഇപ്പോഴുള്ളതിനേക്കാള്‍ വര്‍ദ്ധിക്കും, കഴിഞ്ഞ ആഴ്ചകളിലായി കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണന്നും, ഈ ഘട്ടത്തില്‍ വാക്സിനേഷന് അതിയായ പ്രധാന്യമുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 160 മില്യണ്‍ യൂറോയുടെ വിന്റര്‍ പ്ലാന്‍ നടപ്പാക്കാനായി സര്‍ക്കാര്‍ ഒരുങ്ങുന്നതായും, അറുനൂറോളം അധിക ജീവനക്കാരെ നിയമിക്കുമെന്നും HSE മേധാവി കഴിഞ്ഞ ദിവസം പറഞ്ഞു.
അതേസമയം അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന ആവശ്യവുമായി HSE യുടെ വാക്സിനേഷന് വിഭാഗം ലീഡ് Eileen Whelan കഴിഞ്ഞ ദിവസം രംഗത്തുവന്നു.