യുകെയിൽ താമസസ്ഥലത്ത് മലയാളി യുവതിയേയും 2 മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെറ്ററിംഗ് ജനറല്‍ ആശുപത്രി നഴ്സ് ആയ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജീവ(6), ജാൻവി (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
യുകെയിലെ കെറ്ററിങ്ങിൽ ജോലി ചെയ്യുന്ന കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) ആണ് കസ്റ്റഡിയിൽ ഉള്ളത്. അഞ്ജുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ അവർ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവും മക്കളും ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ കുടുംബം യു.,കെയിലെത്തിയത്. ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയായിരുന്നു സാജു ചെയ്തിരുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇയാളെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മറ്റ് ആളുകളിലേക്ക് കേസന്വേഷണം വ്യാപിപ്പിച്ചിട്ടില്ല എന്നാണ് നോര്താംപ്റ്റണ് പോലീസ് നല്കുന്ന വിവരം യു.കെയില്‍ മലയാളി കുടംബത്തില്‍ ഉണ്ടായ ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണ് യു.കെയിലെ മലയാളിസമൂഹം.