ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ അയര്‍ലന്‍ഡിലെ ജൂനിയര്‍ സൈക്കിള്‍ പരീക്ഷാഫലം പുറത്ത്. 67130 വിദ്യാര്‍ഥികളുടെ പരീക്ഷാഫലമാണ് സ്റ്റേറ്റ് എക്സാമിനേഷന് കമ്മീഷന്(SEC) പുറത്തുവിട്ടത്. ബുധനാഴ്ച രാവിലെ മുതല്‍ സ്കൂളുകളിലും, വൈകീട്ട് 4 മുതല്‍ വെബ്സൈറ്റിലും ഫലം ലഭ്യമായിരുന്നു.
സാധാരണ രീതിയില്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ പുറത്ത് വിടാറുള്ള പരീക്ഷാ ഫലമാണ് നിലവില്‍ ഇത്രയും വൈകിയിരിക്കുന്നത്. പരീക്ഷാ ഉദ്യോഗസ്ഥരുടെ കുറവും, കോവിഡ് സംബന്ധമായ തടസ്സങ്ങളുമാണ് അധികൃതര്‍ പരീക്ഷാഫലം വൈകിയതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
പരീക്ഷാഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 30 വരെ സ്കൂളുകള്‍ മുഖേന അപ്പീല്‍ നല്‍കാവുന്നതാണെന്ന് SEC അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ആരംഭിച്ച 2019 ന് ശേഷം ആദ്യമായി നടത്തിയ ജൂനിയര്‍ പരീക്ഷാ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മുന്‍പുണ്ടായിരുന്ന ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനത്തില്‍ നിന്നും ജൂനിയര്‍ സൈക്കിള്‍ ഫ്രെയിംവര്ക്കിലേക്കുള്ള മാറ്റവും കഴിഞ്ഞ ദിവസം പുറത്തുവിട്ട പരീക്ഷാഫലത്തോടെ പൂര്‍ണ്ണമായി. പുതിയ സംവിധാനം പ്രകാരം ഐറിഷ്, ഇംഗ്ലീഷ്, മാത്ത്സ് ഒഴികെയുള്ള വിഷയങ്ങള്‍ക്ക് ഹയര്‍, ഓര്‍ഡിനറി എന്നീ രണ്ട് വിഭാഗങ്ങള്‍ ഉണ്ടാവില്ല. ശേഷിക്കുന്ന എല്ലാ വിഷയങ്ങള്‍ക്കും പൊതുവായ ഒരു വിഭാഗം മാത്രമാണ് ഉണ്ടാവുക.
മുന്‍പ് പിന്തുടര്ന്ന് പോന്നിരുന്ന ABC അടിസ്ഥാനമാക്കിയുള്ള ഗ്രേഡിങ് സംവിധാനങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ഇനിമുതല്‍ ജൂനിയര്‍ സൈക്കിള്‍ പരീക്ഷാ ഫലങ്ങളില്‍ മാര്‍ക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ distinction (90-100pc); higher merit (75-90pc); merit (55-75pc); achieved (40-55pc), partially achieved (20-40pc); and not graded (0-20pc) എന്നിങ്ങനെയാണ് ഉണ്ടാവുക.
ജൂണിലെ പൊതുപരീക്ഷയ്ക്ക് പുറമെ ക്ലാസ്റൂം അസൈന്മെന്റുകളുടെ ഫലങ്ങളും ജൂനിയര്‍ സൈക്കിള്‍ ഫലത്തില്‍ (Junior Cycle Profile of Achievement ) ഉള്‍പ്പെടുത്തും.
പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി Norma Foley കഴിഞ്ഞ ദിവസം പറഞ്ഞു. രക്ഷിതാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു.