അയർലണ്ടിൽ ഉപഭോക്തൃച്ചെലവ് വർദ്ധിക്കും; കണക്കുകൾ പുറത്തുവിട്ട് സെൻട്രൽ ബാങ്ക്

അയര്‍ലണ്ടിലെ ഉപഭോക്തൃച്ചെലവ് (consumer price inflation) ഈ വര്‍ഷം 8% വരെ വര്‍ദ്ധിച്ചേക്കാമെന്ന പ്രവചനവുമായി സെന്‍ട്രല്‍ ബാങ്ക്. നേരത്തെ നടത്തിയ പ്രവചനം തിരുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ക്വാര്‍ട്ടേര്‍ലി ബുള്ളറ്റിനില്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. നിയന്ത്രണമില്ലാതെ കുതിക്കുന്ന ഗ്യാസിന്റെ വിലയാണ് ഇത്തരത്തില്‍ പണപ്പെരുപ്പത്തിന് കാരണമാകുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിലവില്‍ പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം ഊര്‍ജ്ജപ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താല്‍ ആഭ്യന്തരമായ വളര്‍ച്ച നേരത്തെ പ്രതീക്ഷിച്ചതിലും താഴെയായിരിക്കും.

കോവിഡിന് ശേഷം തൊഴില്‍മേഖല വമ്പന്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ഉപഭോക്തൃച്ചെലവ്, വ്യാപാരച്ചെലവ് എന്നിവ കാര്യമായി വര്‍ദ്ധിച്ചു. ഇത് സാധാരണ വീട്ടുചെലവിനെയും, ബിസിനസ് നിക്ഷേപങ്ങളെയും കുറച്ചുകാലത്തേയ്ക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. ഓരോ കുടുംബങ്ങളുടെയും ശരാശരി വരുമാനം ഈ വര്‍ഷം 3.3% കുറയുമെന്നും ബുള്ളറ്റിന്‍ പറയുന്നു.

അതേസമയം 2023-ഓടെ പണപ്പെരുപ്പത്തിന്റെ കാഠിന്യം കുറഞ്ഞേക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് പ്രതീക്ഷിക്കുന്നത്. 2023 രണ്ടാം പകുതിയോടെ ആഭ്യന്തരവിപണിയില്‍ വളര്‍ച്ച പ്രകടമാകുമെന്നും പ്രതീക്ഷിക്കുന്നു. 2024-ഓടെ പണപ്പെരുപ്പം 3 ശതമാനത്തില്‍ കുറയുമെന്നാണ് കരുതുന്നത്.

വിതരണമേഖലയും കാര്യമായ പ്രതിസന്ധി നേരിടുന്നുണ്ടെന്നും, റഷ്യയുടെ ഉക്രെയില്‍ അധിനിവേശമാണ് അതിന് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ഐറിഷ്, യൂറോപ്യന്‍ വിപണിയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

രാജ്യത്ത് ഊര്‍ജ്ജപ്രതിസന്ധി രൂക്ഷമായതോടെ വിവധ കമ്പനികള്‍ ഈയിടെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: