പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനികള്‍ക്ക് പിന്നാലെ തങ്ങളും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് Electric Ireland. കഴിഞ്ഞ ദിവസം Oireachtas committee-ക്ക് നല്കിയ വിശദീകരണത്തിലാണ് രാജ്യത്തെ പ്രമുഖ പാചകവാതക, വൈദ്യുത വിതരണ കമ്പനിയായ Electric Ireland ഇക്കാര്യം വ്യക്തമാക്കിയത്.
നിരക്കുകള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാനായി ചൊവ്വാഴ്ചയാണ് കമ്പനിയുടെ പ്രൈസിങ്, ട്രേഡിങ് മാനേജര്‍ ഡേവിഡ് വിക്കേഴ്സിനെ Environment and Climate Action Committee വിളിച്ചുവരുത്തിയത്.
കഴിഞ്ഞ 18 മാസത്തോളമായി രാജ്യത്ത് ഊര്‍ജ്ജപ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്നുണ്ടായ വിലക്കയറ്റം കാരണം ഉപഭോക്താക്കളുടെ ചെലവ് ഇതിനകം തന്നെ വര്‍ദ്ധിച്ചിട്ടുമുണ്ട്. വിപണി ഇത്തരത്തില്‍ അസ്ഥിരമായി നിലനില്‍ക്കുന്നതിനാല്‍ ഇനിയും വില വര്‍ദ്ധിച്ചേക്കുമെന്ന സൂചനയാണ് വിക്കേഴ്സ് കമ്മറ്റിക്ക് നല്‍കിയത്.
വിപണിയില്‍ വൈദ്യുതിക്ക് 300% നിരക്ക് വര്‍ദ്ധിച്ചതായാണ് വിക്കേഴ്സ് പറയുന്നത്. തല്‍ഫലമായി വരും മാസങ്ങളില്‍ 30% നിരക്ക് വര്ദ്ധിപ്പിക്കേണ്ടിവന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് സംഭവിക്കുമെന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്യാസിന് വില ഇടിഞ്ഞിരുന്ന കാര്യവും, അതേസമയം കഴിഞ്ഞയാഴ്ച വില കൂടിയിരുന്നതും അസ്ഥിരത ചൂണ്ടിക്കാട്ടാനായി വിക്കേഴ്സ് എടുത്തു പറഞ്ഞു.
രാജ്യാന്തരവിപണിയില്‍ ഹോള്‍സെയില്‍ ഗ്യാസിന് വില 1,000 ശതമാനത്തിലേറെ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ തങ്ങള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് Electric Ireland പറഞ്ഞു. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് തങ്ങള്‍ മനസിലാക്കുന്നതായും കമ്പനി കൂട്ടിച്ചേര്‍ത്തു. സൗകര്യപ്രദമായ രീതിയില്‍ പണമടയ്ക്കുന്നത് എങ്ങനെ സാധ്യമാകുമെന്ന് പരിശോധിച്ചുവരികയാണെന്നും, അവസാനഘട്ടത്തില്‍ മാത്രമേ കണക്ഷന് കട്ട് ചെയ്യുന്നതിലേയ്ക്ക് തങ്ങള്‍ കടക്കൂവെന്നും കമ്പനി വ്യക്തമാക്കി. ശൈത്യകാലത്ത് ആവശ്യമായ ഉപഭോക്താക്കള്‍ക്ക് ഡിസ്കണക്ഷന് മുമ്പേ മൊറട്ടോറിയം നല്‍കുമെന്നും കമ്പനി പറഞ്ഞു.
നിലവില്‍ രാജ്യത്ത് 1.1 മില്യണ്‍ വൈദ്യുതി ഉപഭോക്താക്കളും, 700,000 പാചകവാതക ഉപഭോക്താക്കളുമാണ് Eelectric Ireland-ന് ഉള്ളത്.