അയര്‍ലന്‍ഡിലെ സ്കൂളുകള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സുപ്രധാന നടപടിയുമായി ഐറിഷ് സര്‍ക്കാര്‍. റോഡില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സ്കൂള്‍ വാര്‍ഡന്‍മാരുടെ ‘സ്റ്റോപ് സിഗ്നല്‍’ ലംഘിക്കുന്നവരില്‍ നിന്നും ഈടാക്കുന്ന പിഴ ഇരട്ടിയായി ഉയര്‍ത്തനാണ് സര്‍ക്കാര്‍ തീരുമാനം. 80 യൂറോ ആയിരുന്ന പിഴ 160 യൂറോ ആക്കി ഉയര്‍ത്തുമെന്ന് ജൂനിയര്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Hildegarde Naughton പറഞ്ഞു.
“റോഡില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് സ്കൂള്‍ വാര്‍ഡന്‍മാര്‍, നാഷണല്‍ റോഡുകളിലും, ലോക്കല്‍ റോഡുകളിലും വലിയ ട്രാഫിക്കുള്ള സമയങ്ങളില്‍ പോലും സ്വന്തം ജീവന്‍ അപകടത്തിലാക്കിക്കൊണ്ടാണ് അവര്‍ ജോലി ചെയ്യുന്നത്, സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കും, ജനങ്ങളുടെ ബഹുമാനത്തിനും അര്‍ഹതയുള്ളവരാണ് അവര്‍, അതിനാല്‍ സ്കൂള്‍ പരിസരങ്ങളിലൂടെ വേഗത കുറച്ച് വാഹനമോടിക്കണെമന്നും, വാര്‍ഡന്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും” മിനിസ്റ്റര്‍ ആവശ്യപ്പെട്ടു.
അടുത്ത ആഴ്ചകളില്‍ അയര്‍ലന്‍ഡിലെ സ്കൂളുകള്‍ തുറക്കാനിരിക്കെ റോഡ് സേഫ്റ്റി അതോറിറ്റിയുടെയും(RSA), ഗാര്‍ഡയുടെയും നേതൃത്വത്തില്‍ വലിയ സജീകരണങ്ങള്‍ രാജ്യത്ത് നടത്തി വരികയാണ്. റോഡരികിലൂടെ സൈക്കിളുകളിലും, കാല്‍നടയായും, സ്കൂട്ടറുകളിലും സ്കൂളുകളിലേക്ക് പോവുന്ന വിദ്യാര്‍ഥികളെ ശ്രദ്ധിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് RSAനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ സ്കൂള്‍ പരിസരങ്ങളിലെ റോഡുകളില്‍ അടുത്തയാഴ്ച മുതല്‍ വലിയ രീതിയിലുള്ള ട്രാഫിക് പ്രതീക്ഷിക്കാമെന്ന് ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷണര്‍ Paula Hilman പറഞ്ഞു. റോഡ് സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കണമെന്നും, സ്കൂളുകളില്‍ കൊണ്ടുവിടുമ്പോഴും, തിരികെ കൊണ്ടുപോകുമ്പോഴും രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും Paula Hilman പറഞ്ഞു.