ഡബ്ലിൻ : ദ്വിഭാഷാ കവിതാ സമാഹാരത്തിലൂടെ മലയാള സാഹിത്യ ചരിത്രത്തിൽ ഇടംനേടുകയാണ് കവി അശ്വതി പ്ളാക്കലെന്ന് കവിയും എഴുത്തുകാരനുമായ ഡോ. ജോർജ്ജ് ലെസ്ലി അഭിപ്രായപ്പെട്ടു. സമകാലിക കവിതയിൽ, സ്വതസിദ്ധമായ ശൈലിയിൽ, തന്റേതായ ഇടം രേഖപ്പെടുത്താനും മറ്റുള്ളവരുടെ ബോധ്യത്തിനപ്പുറം ചിതറിക്കിടക്കുന്ന നിഷ്കളങ്കതയെ കാവ്യലോകത്ത് കൂട്ടിച്ചേർക്കാനും തന്റെ പുസ്തകത്തിലൂടെ അശ്വതിക്കായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കവിതസന്ധ്യ ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡബ്ലിൻ ക്ലൊണ്ടാൾക്കിൻ ലൈബ്രറി ഹാളിൽ, റൈറ്റേഴ്‌സ്‌ഫോറം സംഘടിപ്പിച്ച Scattered Innocence പുസ്തക അവതരണവും ചർച്ചയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . രാജൻ ചിറ്റാർ അധ്യക്ഷനായിരുന്നു. അനൂപ് ജേക്കബ് സ്വാഗതം പറഞ്ഞു.
പുസ്തകങ്ങളിലൂടെ ചരിത്രവും സാഹോദര്യവും കണ്ടെത്തുന്ന പ്രവാസികളെ മുന്നോട്ടുനയിക്കുന്നത് ഇത്തരം സാഹിത്യപ്രവർത്തനങ്ങളും കലയുമാണെന്ന് ആമുഖപ്രഭാഷകൻ ബിനു ഡാനിയേൽ പറഞ്ഞു. പരിചിതമായ തന്റെ ആശയലോകത്തു നിലനിൽക്കുന്ന കലാപങ്ങളെ കാവ്യലോകത്തേക്ക് മാറ്റിപ്രതിഷ്ഠിക്കുകയും അതിൽ വിശപ്പിന്റെ നിറവും , മരണത്തിന്റെ വിശപ്പും ഒരേപോലെ പറഞ്ഞുവക്കുകയും ചെയ്യുന്നതാണ് അശ്വതി പ്ലാക്കലിന്റെ സ്കാറ്റേർഡ് ഇന്നസെൻസ് എന്ന കവിതാസമാഹാരമെന്ന് വർഗ്ഗീസ് ജോയ് അഭിപ്രായപ്പെട്ടു.
മിട്ടു ഷിബു, വി ഡീ രാജൻ, അജിത് കേശവൻ, ഫാദർ ചെറിയാൻ താഴമൺ, ജെസ്ലി ഈപ്പൻ, ജോൺ ചാക്കോ, ജീവൻ വർഗ്ഗീസ്, ബിനു, ജിജോ പാലാട്ടി, ഷിബു മഠത്തിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തന്നോടും തന്റെ കവിതകളോടുമുള്ള അയർലന്റിലെ സാഹിത്യാസ്വാകാരുടെ കരുതലിനും സ്നേഹത്തിനും അശ്വതി പ്ലാക്കൽ നന്ദി പറഞ്ഞു.
പുസ്തകത്തിന് :
പുസ്തകം : സ്കാറ്റേർഡ് ഇന്നസെൻസ്
കവി : അശ്വതി പ്ളാക്കൽ.
വില 130/- രൂപ
പ്രസാധകർ: ലോഗോസ് ബുക്ക്സ്