കോർക്കിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ പതിമൂന്നാമത് വാർഷിക പൊതുയോഗം 2022 മെയ് 27,വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് Bishopstown GAA ക്ലബ്ബിൽ വച്ചു ചേരുകയുണ്ടായി. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു പാസാക്കി. പ്രവർത്തന റിപ്പോർട്ടിന്മേൽ വിശദമായ ചർച്ചകൾ നടന്നു. പുതിയതായി വന്നവർ പങ്കുവച്ച ആശങ്കകളും അഭിപ്രായങ്ങളും വികാരങ്ങളും ഉൾക്കൊണ്ട യോഗം സംഘടനയുടെ പ്രവർത്തനം കൂടുതൽ പ്രവർത്തന ക്ഷമതയോടെ നടപ്പാക്കാൻ തീരുമാനിച്ചു.
രൂപം കൊണ്ട നാൾമുതൽ വർഗ്ഗ-വർണ്ണ-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി കോർക്കിലെ മലയാളികളായ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി നിലകൊണ്ടിട്ടുള്ള സംഘടനയാണ് കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ. അയർലണ്ടിൽ ഒരു സമൂഹമെന്ന നിലയിൽ പ്രവാസിമലയാളികൾക്കും വളരാൻ കോർക്കിലെ എല്ലാവരെയും ഉൾപ്പെടുത്തി ഒരുമിച്ചു മുന്നോട്ട് പോകേണ്ടത് ആവശ്യമാണെന്നും യോഗം വിലയിരുത്തി.
സംഘടനയുടെയും സമൂഹത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി കൂടുതൽ ഊർജ്ജ്വലതയോടെ പ്രവർത്തിക്കാൻ ചർച്ചകളുടേയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ പുതിയ അംഗങ്ങൾക്ക് നിർണ്ണായക സ്ഥാനങ്ങൾ കൊടുത്തുകൊണ്ടും പരിചയ സമ്പത്തുള്ളവരെ നിലനിർത്തിക്കൊണ്ടും 2022-2023 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.
ഇതുവരെ സംഘടനയുമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്ത കോർക്കിലെ നല്ലവരായ എല്ലാ പ്രവാസിമലയാളികൾക്കും യോഗം നന്ദി രേഖപ്പെടുത്തി. തുടർന്നും ഒരുമിച്ചു പ്രവർത്തിക്കുകയും ഒരുമിച്ചു മുന്നേറുകയും ചെയ്യാനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അറിയിച്ചു.