ഡബ്ലിനിലെ M50 യില്‍ ട്രക്കിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഗാര്‍ഡ

അയര്‍ലന്‍ഡിലെ M50 മോട്ടോര്‍വേയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരണപ്പെട്ടു. M50 മോട്ടോര്‍വേയിലെ ജങ്ഷന്‍-9 Red Cow നും, ജങ്ഷന്‍-7 Lucan northbound നും ഇടയിലായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം നടന്നത്. മരിച്ച ഒരാള്‍ക്ക് അമ്പതിനടുത്തും, മറ്റൊരാള്‍ക്ക് അറുപതിനടുത്തുമാണ് പ്രായം. ഇരുവരും വ്യത്യസ്ത ബൈക്കുകളിലായിരുന്നു യാത്ര ചെയ്തിരുന്നത്. അപകടശേഷം സംഭവസ്ഥലത്തുവച്ചു തന്നെ ഇരുവരും മരണപ്പെടുകയായിരുന്നു.

അപകടം നടന്ന സ്ഥലത്ത് ഗാര്‍ഡയുടെയും, ഫോറന്‍സിക് സംഘത്തിന്റെയും നേതൃത്വത്തില്‍ വിശദമായ പരിശോധനകള്‍ നടത്തി. എമര്‍ജന്‍സി സര്‍വ്വീസ് ടീമും സംഭവസ്ഥലത്തെത്തിയിരുന്നു. പരിശോധനകള്‍ക്കായി അടച്ചിട്ട റോഡ് മണിക്കൂറുകള്‍ക്ക് ശേഷമാണ് തുറന്നുകൊടുത്തത്.

അതേസമയം അപകടത്തിന്റെ ദൃശ്യങ്ങള്‍ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഗാര്‍ഡ വക്താക്കള്‍ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളെയും, സുഹ‍‍ൃത്തുക്കളെയും പരിഗണിച്ച് ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പൊതുജനങ്ങളോട് ഗാര്‍ഡ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ കയ്യിലുള്ള യാത്രക്കാരും, അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നവരും Lucan ഗാര്‍ഡ സ്റ്റേഷനിലോ അടുത്തുുള്ള മറ്റേതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ബന്ധപ്പെടണമെന്നും ഗാര്‍ഡ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: