അയര്‍ലണ്ടില്‍ രണ്ട് പേര്‍ക്ക് കൂടി കുരങ്ങ് പനി (മങ്കി പോക്സ്) സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളിലായി സ്ഥിരീകരിച്ച രണ്ട് കേസുകള്‍ക്ക് പുറമെയാണിത്.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും, അവരെ നിരീക്ഷിച്ചുവരികയാണെന്നും Health Protection Surveillance Centre (HPSC) പറഞ്ഞു. സ്വകാര്യത മാനിക്കാനായി രോഗികളുടെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും, മറ്റ് രാജ്യങ്ങളിലുമായി ഇതുവരെ 500-ലേറെ പേര്‍ക്ക് കുരങ്ങ് പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം കുരങ്ങ് പനി ബാധിക്കുന്ന ഭൂരിഭാഗം പേരും ഗേ അല്ലെങ്കില്‍ സ്വവര്‍ഗ്ഗാനുരാഗികളോ, ബൈസെക്ഷ്വലോ ആയ പുരുഷന്മാരാണ് എന്നൊരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പല രാജ്യങ്ങളും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അയര്‍ലണ്ടില്‍ രോഗം പടരുന്നത് കൈകാര്യം ചെയ്യാനായി ഒരു multidisciplinary Incident Management Team-നെ HSE നിയോഗിച്ചിട്ടുണ്ട്.
മദ്ധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ചില മൃഗങ്ങളിലാണ് മങ്കി പോക്സ് വൈറസ് പൊതുവെ കാണപ്പെടുന്നത്. ഇത് മനുഷ്യരിലേയ്ക്കും പടരാറുണ്ട്.
എന്നാല്‍ നിലവില്‍ യൂറോപ്പിലെ അടക്കമുള്ള രാജ്യങ്ങളില്‍ വൈറസ് എങ്ങനെ എത്തിയെന്നത് അസ്വാഭാവികതയുണര്ത്തുന്നതാണ്. ആഫ്രിക്കയുമായി ബന്ധപ്പെട്ടല്ല ഇവിടെ രോഗം പടര്‍ന്നത് എന്നതാണ് സംശയമുണര്‍ത്തുന്നത്.