ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് നിയന്ത്രിക്കാനും, സൗകര്യപ്രദമായ യാത്രയ്ക്ക് വഴിയൊരുക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ DAA-യ്ക്ക് ചൊവ്വാഴ്ച (ഇന്ന്) വരെ സമയം നല്കി ഗതാഗതമന്ത്രി ഈമണ്‍ റയാനും, സഹമന്ത്രി ഹില്‍ഡിഗാര്‍ഡ് നോട്ടനും. ഞായറാഴ്ച തിരക്ക് അനിയന്ത്രിതമായതിനെത്തുടര്‍ന്ന് ടെര്‍മിനലിന് പുറത്തേയ്ക്ക് വരെ ക്യൂ നീളുകയും, 1,000-ഓളം പേര്‍ക്ക് ഫ്ളൈറ്റ് നഷ്ടമാകുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളമാണ് യാത്രക്കാര്‍ക്ക് ക്യൂ നില്‍ക്കേണ്ടിവന്നത്.
ഇതെത്തുടര്‍ന്ന് തിങ്കളാഴ്ച DAA അധികൃതരുമായി മന്ത്രിമാരായ റയാനും, നോട്ടനും ചര്‍ച്ച നടത്തുകയും, വിഷയത്തില്‍ സര്‍ക്കാരിനുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു. ബാങ്ക് അവധി കൂടിയായ വരുന്ന വാരാന്ത്യം ഇതിലും തിരക്കേറുമെന്ന ആശങ്കയും ചര്‍ച്ചയില്‍ പങ്കുവച്ചു.
ബിസിനസ്, യാത്ര, ടൂറിസം എന്നിങ്ങനെ വിവിധ മേഖലകളെ പ്രശ്നം ബാധിക്കുന്നതായി ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്തപ്രസ്താവനയില്‍ മന്ത്രിമാര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ഛായയ്ക്ക് കളങ്കം വരുത്തുന്നതാണ് എയര്‍പോര്‍ട്ടിലെ പ്രശ്നം. ചൊവ്വാഴ്ച പ്രശ്നപരിഹാരം സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ DAA-യോട് ആവശ്യപ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു.
ഉടനടി നടപ്പില്വരുത്താവുന്നതടക്കം കഴിയുന്ന എല്ലാ നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സെക്യൂരിറ്റി അംഗങ്ങളുടെ എണ്ണം കൂട്ടിയും, കൂടുതല്‍ ലെയിനുകള്‍ തുറന്നും പ്രശ്നം പരിഹരിക്കുമെന്ന് DAA പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായിരുന്നില്ല.
പ്രശ്നം പരിഹരിക്കും വരെ ഇത് സംബന്ധിച്ച് മന്ത്രിതലത്തില്‍ ദിവസേന ചര്‍ച്ച നടത്തുമെന്നും മന്ത്രിമാരായ റയാനും, നോട്ടനും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഉച്ചയ്ക്ക് ശേഷം എയര്‍ലൈന്‍ കമ്പനികളുമായും നോട്ടന് ചര്‍ച്ച നടത്തി.
പ്രശ്നത്തെപ്പറ്റി വിശദീകരണം നല്കാന് DAA ചീഫ് എക്സിക്യുട്ടിവ് ഡാള്‍ട്ടണ്‍ ഫിലിപ്സ് ബുധനാഴ്ച പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകും.
ഫ്ളൈറ്റ് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് DAA കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.