അയര്‍ലണ്ടില്‍ രണ്ടാമത് ഒരാള്‍ക്ക് കൂടി കുരങ്ങ് പനി (മങ്കി പോക്സ്) സ്ഥിരീകരിച്ചു. യു.കെയിലും യൂറോപ്പിലും രോഗം പടര്‍ന്ന സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ഇത് അപ്രതീക്ഷിതമല്ലെന്ന് HSE പറഞ്ഞു.
രോഗം ബാധിച്ച രണ്ട് പേരും ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി എന്നതടക്കം HSE കൃത്യമായി നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് കാരണം അവരെ പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും നല്കാന് കഴിയില്ലെന്നും HSE വ്യക്തമാക്കി.
രോഗം ബാധിച്ച രണ്ട് പേര്‍ക്കും ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് കരുതുന്നത്. ഇവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
ശനിയാഴ്ചയാണ് അയര്‍ലണ്ടില്‍ ആദ്യത്തെ കുരങ്ങ് പനി സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
കുരങ്ങ് പനിയെ നേരിടാനായി പ്രത്യേക സംഘത്തെ നേരത്തെ തന്നെ HSE നിയോഗിച്ചിട്ടുണ്ട്. രോഗത്തിനെതിരായ പ്രതിരോധ വാക്സിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും വാക്സിന് നല്‍കുക. സ്മോള്‍ പോകാസിന് നല്കുന്ന അതേ വാക്സിനാണ് കുരങ്ങ് പനിക്കും നല്‍കുക.
പനിയും, ചിക്കന്‍ പോക്സിന് സമാനമായ വിധത്തില്‍ ശരീരത്തില്‍ കുരുക്കള്‍ പൊന്തുകയുമാണ് കുരങ്ങ് പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പൊതുവെ രോഗം ഗുരുതരമാകാറില്ലെങ്കിലും മരണം സംഭവിക്കുക വിരളമല്ല. മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് എളുപ്പത്തില്‍ പകരാത്ത രോഗം ആഴ്ചകള്‍ക്കകം ഭേദമാകും.