അയര്‍ലണ്ടില്‍ ഒരാഴ്ചയ്ക്കിടെ 8,450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുമ്പത്തെ ആഴ്ച 9,213 കേസുകളും 41 മരണങ്ങളുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
ഇനി മുതല്‍ ഓരോ ആഴ്ചയിലുമാണ് കോവിഡ് കേസുകളും മരണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയെന്ന് കഴിഞ്ഞയാഴ്ച HSE വ്യക്തമാക്കിയിരുന്നു.
മെയ് 19 മുതല്‍ 25 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ആകെ കേസുകളില്‍ 4,003 എണ്ണം പിസിആര്‍ ടെസ്റ്റുകള്‍ വഴിയാണ് സ്ഥിരീകരിച്ചത്. 4,447 കേസുകള്‍ സ്ഥിരീകരിച്ചത് ആന്റിജന്‍ ടെസ്റ്റിലൂടെയാണ്.
ഒരാഴ്ചയ്ക്കിടെ 31,796 പിസിആര്‍ ടെസ്റ്റുകളാണ് നടത്തിയത്. 13.3% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞയാഴ്ച ഇത് 12.5% ആയിരുന്നു.
60 മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെ അയര്‍ലണ്ടിലെ ആകെ കോവിഡ് മരണങ്ങള് 7,304 ആയി.
നിലവില്‍ 191 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 26 പേര് ഐസിയുവിലാണ്.
ഇതിനിടെ ഒമിക്രോണിന്റെ ഉപവകഭേദമായ BA.4 അയര്‍ലണ്ടില്‍ രണ്ട് പേരില്‍ സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നുണ്ട്. വാക്സിന് പ്രതിരോധത്തെ മറികടക്കാന്‍ ഈ വകഭേദത്തിന് സാധിക്കുമെന്നാണ് ആശങ്ക. അതേസമയം കൂടുതല്‍ ഗുരുതരമായ രോഗം സൃഷ്ടിക്കാന്‍ BA.4-ന് സാധിക്കില്ലെന്നും കരുതുന്നു.