അയര്‍ലണ്ടില്‍ ഗാര്‍ഹികപീഢനം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായം നല്കാന് ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി നീതിന്യായ വകുപ്പ്. തങ്ങളുടെ അടുത്ത് ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ആരെങ്കിലും ഗാര്‍ഹികപീഢനത്തിന് ഇരയാകുന്നുണ്ടോ എന്ന് കണ്ടെത്തി അധികൃതരെ അറിയിക്കുന്ന തരത്തിലുള്ള മാര്ഗ്ഗനിര്ദ്ദേശസംവിധാനത്തിന്റെ വിശദാംശങ്ങള്‍ നീതിന്യായ വകുപ്പ് മന്ത്രി ഹെലന് മക്കന്റീയാണ് ബുധനാഴ്ച അവതരിപ്പിച്ചത്.
Irish College of General Practitioners (ICGP) ആണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. രാജ്യമെങ്ങും ഇത്തരത്തിലുള്ള ഏകീകൃതമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം അത്യാവശ്യമായിരുന്നുവെന്ന് പരിപാടിയില്‍ മന്ത്രി മക്കന്റീ പറഞ്ഞു.
LIVES എന്ന വാക്കിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അഞ്ച് കാര്യങ്ങളിലൂടെയാണ് ഗാര്‍ഹികപീഢനം എന്ന പ്രശ്നത്തെ കൈകാര്യം ചെയ്യാനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്:
- Listen
- Inquire
- Validates
- Enhance safety
- Support
ഗാര്‍ഹികപീഢനം നേരിടുന്നവരെ തിരിച്ചറിയാനും, സഹായം നല്‍കാനും ജിപിമാര്‍ക്ക് എളുപ്പത്തില്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. പീഢനത്തിന് ഇരയായവരെ അത് പുറത്തുപറയാന്‍ സഹായിക്കാനും, ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നും സഹായം ലഭ്യമാക്കാനും ജിപിമാര്‍ക്ക് സാധിക്കും. കോവിഡ് കാലത്ത് ഗാര്‍ഹികപീഢനം വര്‍ദ്ധിച്ചിരിക്കുന്നു എന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ഇതിന് പുറമെ ഗാര്‍ഹികപീഢനം നേരിടുന്നവര്‍ക്ക് ഉടന്‍ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിലും ബന്ധപ്പെടാം:
- Women’s Aid: 1800 341 900
- Men’s Aid: 01 554 3811
- Safe Ireland: – 1800 341 900
- Dublin Rape Crisis Centre: 1800 778 888
- Male Domestic Abuse: 1800 816 588
- Still Here government support