M50-യില്‍ സ്ഥിരമായി ടോള്‍ നല്‍കാതെ യാത്ര ചെയ്ത 17 ഡ്രൈവര്‍മാര്‍ക്ക് 216,500 യൂറോ പിഴ ചുമത്തി കോടതി. ഇവരോട് കോടതിയില്‍ ഹാജരാകാനായി Transport Infrastructure Ireland (TII) സമന്‍സ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരാകാതിരുന്നതോടെ ഇവരുടെ അഭാവത്തില്‍ വാദം കേട്ട കോടതി പിഴ വിധിക്കുകയായിരുന്നു. 5,000 യൂറോ മുതല്‍ 25,500 യൂറോ വരെയുള്ള തുകകളാണ് വിവിധ ഡ്രൈവര്‍മാര്‍ക്കായി പിഴയൊടുക്കാന്‍ വിധിച്ചിട്ടുള്ളത്.
സത്യസന്ധത എന്നാല്‍ ഒരു ഗുണമാണെന്നും, പക്ഷേ സത്യസന്ധതയില്ലായ്മ ഇന്നൊരു കലയായി മാറിയിരിക്കുകയാണെന്നും വിധിപ്രസ്താവത്തിനിടെ ജഡ്ജ് ആന്തണി ഹാല്‍പിന്‍ അഭിപ്രായപ്പെട്ടു. [നിയമലംഘനം നടത്തിയ] അവരുടെ ടോളുകള്‍ നല്‍കുന്നത് നമ്മളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ കോടതിയിലെത്തിയില്ലെന്നും, ടോള്‍ ചാര്‍ജ്ജ് അടയ്ക്കാനായി ഒരു ശ്രമവും നടത്തിയില്ലെന്നും ജഡ്ജ് നിരീക്ഷിച്ചു. ഇവരില്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങളും പെടും. 11 പ്രൈവറ്റ് കാറുകളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കേസില്‍ പ്രതി ചേര്‍ത്ത ഒരാള്‍ 497 യാത്രക്കാരുടെ ചാര്‍ജ്ജ് നല്‍കാതെയാണ് യാത്ര നടത്തിയത്. ഇയാള്‍ക്ക് 15,000 യൂറോയാണ് പിഴ വിധിച്ചത്.
ഒരു ഹെവി വെഹിക്കിള്‍ ഉടമയ്ക്ക് 20,500 എന്ന ഭീമമായ പിഴയും ലഭിച്ചു. ടോള്‍ നല്‍കാതെ തന്റെ ലോറിയില്‍ 138 യാത്രകളാണ് ഇയാള്‍ നടത്തിയത്.
കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് M50-യില്‍ കാറുകള്‍ക്കുള്ള ടോള്‍ 3.10 യൂറോ ആയിരുന്നു.
പ്രതികള്‍ക്ക് നൂറുകണക്കിന് കത്തുകളാണ് ഇതുമായി ബന്ധപ്പെട്ട് അയച്ചുവെന്നതും, മറുപടി ലഭിക്കാതെ വന്നതോടെയാണ് കേസ് കോടതിയിലെത്തിയതെന്നതും ജഡ്ജ് പ്രത്യേകം കണക്കിലെടുത്തു.