തങ്ങള്‍ ആദ്യമായി സ്വയം നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വാച്ചിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ടെക് ഭീമന്മാരായ ഗൂഗിള്‍. ആപ്പിള്‍ വാച്ചിന് വെല്ലുവിളിയുയര്ത്തിയേക്കാവുന്ന ഗൂഗിള്‍ വാച്ച് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.
‘ഗൂഗിള്‍ പിക്സല്‍ വാച്ച്’ എന്നാണ് വാച്ചിന് നല്‍കിയിരിക്കുന്ന പേര്. കമ്പനിയുടെ പിക്സല്‍ 7 എന്ന പുതിയ ഫോണിനൊപ്പമാണ് വാച്ചും പുറത്തിറക്കുക. ഐഫോണിനെ നേരിടാനുള്ള ഗൂഗിളിന്റെ നീക്കമാണ് പിക്സല്‍ 7.
ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പിക്സല്‍ 7-ഉം പിക്സല്‍ വാച്ചും അവതരിപ്പിച്ചത്.
റീസൈക്കിള്‍ ചെയ്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ക്കുലാര്‍ ഡിസൈനില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലാണ് വാച്ചിന്റെ രൂപകല്‍പ്പന.
ആക്ടീവ് സോണ്‍ മിനിറ്റുകള്ക്കൊപ്പം ഫിറ്റ്നസ് ട്രാക്കിങ്, പേഴ്സണ്‍ ഫിറ്റ്നസ് ഗോളുകള്‍ സെറ്റ് ചെയ്യാനുള്ള സൗകര്യം, നിരന്തരമായ ഹാര്‍ട്ട് റേറ്റ് ട്രാക്കിങ്, സ്ലീപ്പ് ട്രാക്കിങ് എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്നാണ് പിക്സല്‍ വാച്ച് അവതരിപ്പിച്ചുകൊണ്ട് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഫിറ്റ്നസ് ഇലക്ട്രോണിക്സ് കമ്പനിയായ Fitbit-നെ സ്വന്തമാക്കിയതോടെ ഈ ടെക്നോളജിയാണ് ഗൂഗിള്‍ തങ്ങളുടെ സ്മാര്‍ച്ച് വാച്ചില്‍ ഉപയോഗിക്കുന്നത്.
പുതിയ ഇയര്‍ബഡ്സായ പിക്സല്‍ ബഡ്സ് പ്രോയുടെ വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. നോയിസ് ക്യാന്സലേഷന് ടെക്നോളജി അടക്കമുള്ള ഫീച്ചറുകളാണ് ഇതിന്റെ പ്രത്യേകത. ഒപ്പം ബജറ്റ് സ്മാര്‍ട്ട്ഫോണായ പിക്സല്‍ 6A-യും ഈ വേനല്‍ക്കാലത്ത് വിപണിയിലെത്തും.