റഷ്യയിലെ തങ്ങളുടെ ബിസിനസ് വില്‍ക്കുകയാണെന്നറിയിച്ച് ലോകപ്രശസ്ത അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്‌ഡൊണാള്‍ഡ്‌സ്. റഷ്യയില്‍ 850 റസ്റ്ററന്റുകളിലായി ഏകദേശം 62,000 പേരാണ് മക്‌ഡൊണാള്‍ഡ്‌സിനായി ജോലി ചെയ്യുന്നത്. ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം രാജ്യം വിടുന്ന പ്രധാന പാശ്ചാത്യന്‍ കമ്പനികളിലൊന്നാണ് മക്‌ഡൊണാള്‍ഡ്‌സ്.
യുദ്ധം കാരണമുണ്ടാകുന്ന മാനുഷികപ്രതിസന്ധി ചൂണ്ടിക്കാട്ടിയ കമ്പനി, റഷ്യയില്‍ ബിസിനസ് തുടരുന്നത് മക്‌ഡൊണാള്‍ഡ്‌സിന്റെ മൂല്യത്തിന് നിരക്കുന്നതല്ലെന്നും വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങള്‍ റഷ്യയിലെ സ്റ്റോറുകള്‍ അടയ്ക്കുന്നതായും, അതേസമയം ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് തുടരുമെന്നും മക്‌ഡൊണാള്‍ഡ്‌സ് പറഞ്ഞിരുന്നു. എന്നാല്‍ റഷ്യയിലെ ഏതെങ്കിലും കമ്പനിക്ക് സ്റ്റോറുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചതായി തിങ്കളാഴ്ചയാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചത്. ജീവനക്കാരെയും പുതിയ കമ്പനിക്ക് കൈമാറും. അതേസമയം ആരാണ് സ്റ്റോറുകള്‍ വാങ്ങുകയെന്ന് മക്‌ഡൊണാള്‍ഡ്‌സ് വ്യക്തമാക്കിയില്ല.
ജീവനക്കാരുടെയും, സാധനങ്ങള്‍ വിതരണം ചെയ്യുന്നവരുടെയും ആത്മാര്‍ത്ഥത വലുതായിരുന്നുവെന്ന് പറഞ്ഞ മക്‌ഡൊണാള്‍ഡ്‌സ് ചീഫ് എക്‌സിക്യുട്ടിവ് Chris Kempczinski, രാജ്യത്തെ ബിസിനസ് അവസാനിപ്പിക്കുകയെന്നത് പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ലോകത്തെ മറ്റ് ജനങ്ങളോടും തങ്ങള്‍ക്ക് കടപ്പാടുണ്ടെന്ന് വില്‍പ്പന സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കമ്പനി വിശദീകരിച്ചു.
വില്‍പ്പന നടത്താന്‍ തീരുമാനിച്ചതോടെ സ്‌റ്റോറുകളിലെ മക്‌ഡൊണാള്‍ഡ്‌സ് അടയാളങ്ങളും മറ്റും എടുത്തുമാറ്റും. എങ്കിലും റഷ്യയിലെ തങ്ങളുടെ ട്രേഡ് മാര്‍ക്ക് നിലനിര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കി.
ബെര്‍ലിന്‍ മതില്‍ പൊളിച്ചതിന് ശേഷം മൂന്ന് ദശാബ്ദം മുമ്പ് മോസ്‌കോയിലാണ് മക്‌ഡൊണാള്‍ഡ്‌സ് തങ്ങളുടെ ആദ്യ സ്‌റ്റോര്‍ തുറക്കുന്നത്. സോവിയറ്റ് യൂണിയനില്‍ ആരംഭിക്കുന്ന ആദ്യ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റും മക്‌ഡൊണാള്‍ഡ്‌സിന്റേതാണ്. 1991-ലാണ് സോവിയറ്റ് യൂണിയന്‍ തകരുന്നത്.
യുദ്ധമാരംഭിച്ചതോടെ പാശ്ചാത്യ കമ്പനികളായ കോക്ക കോള, പെപ്‌സി, സ്റ്റാര്‍ബക്ക്‌സ് എന്നീ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം അടച്ചുപൂട്ടുകയോ, താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്തിരുന്നു. ബ്രിട്ടിഷ് ഊര്‍ജ്ജ കമ്പനിയായ Shell and BP, ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ Renault എന്നിവയും റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചിരിക്കുകയാണ്.