അയര്‍ലണ്ടില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളെ ലഭിക്കാത്തത് രോഗികളെ ബാധിക്കുന്നതായി Irish Pharmacy Union (IPU). നിലവില്‍ ഏകദേശം അഞ്ച് മാസമാണ് ഫാര്‍മസിസ്റ്റുകള്‍ക്ക് വരുന്ന ഒഴിവ് നികത്താനെടുക്കുന്ന സമയമെന്നാണ് IPU ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. 1,000-ലേറെ ഫാര്‍മസിസ്റ്റുകളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലെ പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇവയാണ്:
- രോഗികളുടെ എണ്ണത്തിനനുസരിച്ച് രാജ്യത്ത് ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളില്ല.
- ഒരു ഫാര്‍മസിസ്റ്റിന്റെ ഒഴിവ് നികത്താനെടുക്കുന്ന ശരാശരി സമയം അഞ്ച് മാസമാണ്. ആകെയുള്ള ഒഴിവുകളില്‍ മൂന്നില്‍ ഒന്നിലും നിയമനം നടത്താനെടുക്കുന്നത് ആറ് മുതല്‍ 12 മാസം വരെ. റൂറല്‍ ഏരിയകളില്‍ പ്രശ്‌നം വളരെ രൂക്ഷം.
ഫാര്‍മസികളില്‍ തേര്‍ഡ് ലെവല്‍ പ്ലേസുകള്‍ സൃഷ്ടിക്കണമെന്നും, Critical Skills Work Permit List-ല്‍ ഫാര്‍മസിസ്റ്റുകളെ ഉള്‍പ്പെടുത്തണമെന്നും ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംഘന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അയര്‍ലണ്ടില്‍ നിലവില്‍ 1,900 കമ്യൂണിറ്റി ഫാര്‍മസികളിലായി 3,800 ഫാര്‍മസിസ്റ്റുകളാണ് ജോലി ചെയ്യുന്നത്. എന്നാല്‍ രോഗികളുടെ എണ്ണവും, പ്രായമായവരുടെ എണ്ണവും ഏറുന്നതിനനുസരിച്ച് ഇവര്‍ക്ക് സേവനം ചെയ്യാന്‍ ഈ ഫാര്‍മസിസ്റ്റുകള്‍ മതിയാവില്ലെന്ന് IPU പ്രസിഡന്റ് Dermot Twomey പറഞ്ഞു. ആകെ ഫാര്‍മസിസ്റ്റുകളില്‍ പകുതി പേര്‍ മാത്രമാണ് അയര്‍ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍. അതിനാല്‍ ഫാര്‍മസി കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
പല ഫാര്‍മസികളും സാധാരണക്കാര്‍ കുടുംബ ബിസിനസായി നടത്തുന്നതാണെന്നും, അവര്‍ക്ക് കൂടുതല്‍ ജോലിക്കാരെ വയ്ക്കാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു. കോവിഡ് കാരണം ചെറുപ്പക്കാരായ ഫാര്‍മസിസ്റ്റുകളെ കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്. ഇങ്ങനെ തുടര്‍ന്നാല്‍ ഫാര്‍മസികള്‍ വര്‍ക്കിങ് സമയം കുറയ്‌ക്കേണ്ടതായി വരും. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഗൗരവകരമായി കാണേണ്ടതുണ്ടെന്നും Dermot Twomey കൂട്ടിച്ചേര്‍ത്തു.