താലയിലെ കടയില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയ പ്രതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് താലയിലെ Jobstown പ്രദേശത്തുള്ള പലചരക്ക് കടയില്‍ കൊള്ള നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്.
കടയിലെത്തിയ പ്രതി, ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു. ഇയാള്‍ സമീപത്തെ മറ്റൊരു കടയില്‍ കത്തിയുമായി എത്തി പണമാവശ്യപ്പെട്ടെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. തുടര്‍ന്നാണ് ഈ കടയിലെത്തിയത്.
ഗാര്‍ഡ എത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് താലയിലെ ഒരു വീട്ടില്‍ പരിശോധന നടത്തിയ ഗാര്‍ഡ ഇവിടെ നിന്നും 20-ലേറെ പ്രായമുള്ള പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.