യൂറോപ്പിലെ എയര്‍പോര്‍ട്ടുകള്‍, ഫ്ളൈറ്റുകള്‍ എന്നിവയില്‍ മെയ് 16 മുതല്‍ ഫേസ് മാസ്ക് ധരിക്കുന്നത് നിര്ബന്ധമല്ലെന്നറിയിച്ച് European Union Aviation Safety Agency (EASA)-യും European Centre for Disease Prevention and Control (ECDC)-യും.
ഇറ്റലി, ഫ്രാന്‍സ്, ബള്‍ഗേറിയ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും ഈയിടെയായി കോവിഡ് നിയന്ത്രണങ്ങള്‍ വളരെയേറെ കുറയ്ക്കുകയോ, എടുത്തുമാറ്റുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനങ്ങളിലെ ഫേസ് മാസ്ക് സംബന്ധിച്ച് യൂറോപ്യന്‍ അധികൃതര്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി വിമാനക്കമ്പനികളും ഏപ്രില്‍ മുതല്‍ മാസ്ക് നിര്‍ബന്ധമല്ലാതാക്കിയിരുന്നു.
മാസ്ക് നിര്‍ബന്ധമല്ലെങ്കിലും പരസ്പരം അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക എന്നിവ പ്രധാനമാണെന്ന് ECDC ഡയറക്ടറായ ആന്‍ഡ്രിയ അമ്മോണ്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. വൈറസ് ബാധ കുറയ്ക്കാന്‍ ഇവ തുടരണം.
അതേസമയം വിമാനത്തിലെ മാസ്ക് സംബന്ധിച്ച് ഓരോ കമ്പനികള്‍ക്കും വ്യത്യസ്ത നിലപാട് എടുക്കേണ്ടിവന്നേക്കാം. മാസ്ക് നിര്‍ബന്ധമാക്കിയ രാജ്യങ്ങളിലേയ്ക്കാണ് യാത്രയെങ്കില്‍ യാത്രക്കാരും മാസ്ക് ധരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.