മെയ് മാസത്തില്‍ ബാങ്ക് അവധിയോടെ വന്ന വാരാന്ത്യത്തില്‍ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വാഹനമോടിച്ച 146 പേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. 2,298 പേര്‍ക്കെതിരെ അമിതവേഗതയില്‍ വാഹനമോടിച്ചതിനും നടപടിയെടുത്തു. നാല് ദിവസത്തെ അവധിയായിരുന്നു ഈ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ലഭിച്ചത്.
ഏപ്രില്‍ 29-ന് പകല്‍ 12 മണി മുതല്‍ മെയ് 3 ചൊവ്വാഴ്ച രാവിലെ 7 മണിവരെ നീണ്ട ഓപ്പറേഷനിലാണ് ഗതാഗതനിയമങ്ങള്‍ ലംഘിച്ച അനവധി പേരെ അറസ്റ്റ് ചെയ്തതായും, നടപടിയെടുത്തതായും ഗാര്‍ഡ വ്യക്തമാക്കിയത്. ആക്സിഡന്റുകളും, പരിക്കുകളും കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഓപ്പറേഷന്. ഒപ്പം ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് തടയിടാനും ഗാര്‍ഡ ശ്രമിച്ചു.
രാജ്യമെമ്പാടുമായി 722 ചെക്ക് പോയിന്റുകള്‍ വഴി 2,978 ബ്രെത്ത് ടെസ്റ്റുകളും, 86 ഓറല്‍ ഫ്ളൂയിഡ് ടെസ്റ്റുകളും നടത്തി. ഇതില്‍ 58 പേരെ മയക്കുമരുന്നുപയോഗിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് രേഖപ്പെടുത്തി. 88 പേരെ മദ്യപിച്ച് വാഹനമോടിച്ചതിനും അറസ്റ്റ് ചെയ്തു.
85 പേരെയാണ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടികൂടിയത്. 47 പേര് സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിനും, ഏഴ് പേരെ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനും പിടികൂടി. 96 വാഹനങ്ങളാണ് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് പിടിച്ചെടുത്തത്.
ലൈസന്‍സ് ഉള്ള വ്യക്തിയുടെ മേല്നോട്ടത്തോടെയല്ലാതെ ലേണേഴ്സ് ലൈസന്‍സുമായി വാഹനമോടിച്ച 60 പേര്‍ക്ക് പിഴയിട്ടു. 41 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഈ ദിവസങ്ങളില്‍ മൂന്ന് വാഹനാപകടങ്ങള്‍ നടക്കുകയും, മൂന്ന് പേര് മരണപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തു. ഗൗരവകരമായ രീതിയിലുള്ള 12 വാഹനാപകടങ്ങളില്‍ 20 പേര്‍ക്ക് പരിക്കുകളേല്‍ക്കുകയും ചെയ്തു.