കോവിഡ് കാലം നല്കിയ ആഘാതത്തില്‍ നിന്നും പുറത്തുകടക്കാനായി അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായ 60 ശതമാനത്തിലേറെ പേരും മദ്യത്തെ ആശ്രയിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. Drinkaware എന്ന സംഘടനയാണ് 1,000 പേരെ പങ്കെടുപ്പിച്ച് അവരുടെ 2021-ലെ മദ്യ ഉപഭോഗത്തെപ്പറ്റി സര്‍വേ നടത്തിയത്.
സര്‍വേ പ്രകാരം പ്രായപൂര്‍ത്തിയായ 61% പേരാണ് കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പുറത്ത് കടക്കാനും, സ്വയം ആശ്വാസം കണ്ടെത്താനുമായി മദ്യത്തില്‍ അഭയം പ്രാപിച്ചത്. 2020-ല്‍ ഇത് 60% ആയിരുന്നു.
‘A Year On – Irish Adults Behaviour and Attitudes Towards Alcohol in the Context of Covid-19’ എന്ന് പേരിട്ടിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍, സന്തോഷം ലഭിക്കുക, ഉറക്കം ലഭിക്കുക, ഉത്കണ്ഠ കുറയ്ക്കുക, വിഷാദം ഇല്ലാതാക്കുക എന്നിവയ്ക്കായാണ് ആളുകള്‍ മദ്യ ഉപഭോഗം വര്‍ദ്ധിപ്പിച്ചതെന്നും വ്യക്തമാക്കുന്നു. ചിലര്‍ മുഴുവന്‍ സമയവും മദ്യപിച്ചപ്പോള്‍ മറ്റ് ചിലര്‍ മിക്കവാറും സമയങ്ങളിലും, ചിലര്‍ പകുതി സമയവും മദ്യപിക്കാനായി ചെലവഴിച്ചു.
18-34 പ്രായക്കാരാണ് കോവിഡ് കാലത്ത് മദ്യം ശീലമാക്കിയവരില്‍ ഏറെയും. 18-24 പ്രായക്കാരായ 72% പേരും, 25-34 പ്രായക്കാരായ 73% പേരും ഇക്കാലത്ത് മദ്യം ശീലമാക്കി.
സ്കൂള്‍ പ്രായമാകാത്ത കുട്ടികളുള്ള രാജ്യത്തെ 28% കുടുംബങ്ങള്‍ അമിതമദ്യപാനം സംബന്ധിച്ച് തങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങളുള്ളതായി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒറ്റയിരിപ്പിന് ആറിലേറെ ഡ്രിങ്ക്സ് (binge drinking) അകത്താക്കുന്ന പുരുഷന്മാരുടെ എണ്ണത്തിലും വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. 2020-ല്‍ ഇവരുടെ എണ്ണം 27% ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 31% ആയി ഉയര്‍ന്നു. 18-24 പ്രായക്കാരില്‍ ഇത് 16 ശതമാനത്തില്‍ നിന്നും 31 ശതമാനമായും വര്‍ദ്ധിച്ചു.
(ഓര്‍ക്കുക: മദ്യം ഒരിക്കലും പ്രശ്നപരിഹാരമല്ല, അമിതമദ്യപാനം കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം.)