അയര്‍ലണ്ടില്‍ ഈ വാരാന്ത്യം വരണ്ട കാലാവസ്ഥയെത്തുന്നുവെന്ന സൂചനയുമായി Met Eireann. വാരാന്ത്യത്തില്‍ അന്തരീക്ഷതാപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും പുതിയ അറിയിപ്പില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നു.
ഈയാഴ്ച പൊതുവെ വെയിലും മഴയും കൂടിക്കലര്‍ന്ന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു. ഇന്ന് (ചൊവ്വാഴ്ച) ആകാശം മേഘാവൃതമാകുകയും, ചിലയിടങ്ങളില്‍ മഴ പെയ്യുകയും ചെയ്യും. പരമാവധി 11 ഡിഗ്രി വരെയാകും താപനില.
ബുധനാഴ്ചയും ആകാശം മൂടിക്കെട്ടി നില്‍ക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം വെയില് ലഭിക്കും. 14 മുതല്‍ 18 ഡിഗ്രി വരെ താപനില ഉയരാം. സമാനമായ കാലാവസ്ഥ തന്നെയായിരിക്കും വ്യാഴാഴ്ചയും. വെള്ളിയാഴ്ച മഴ പെയ്യാനും, ഒപ്പം തന്നെ വെയില് ലഭിക്കാനും സാധ്യതയുണ്ട്.
അതേസമയം വാരാന്ത്യത്തോടെ അന്തരീക്ഷം ചൂട് പിടിക്കാന്‍ സാധ്യതയുണ്ട്. വരണ്ട ദിനങ്ങളാകും രാജ്യത്തെ കാത്തിരിക്കുന്നത്. പരമാവധി 20 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കുകയും ചെയ്യും. ഇളം കാറ്റും കാലാവസ്ഥയെ കൂടുതല്‍ ആസ്വാദ്യകരമാക്കും.