University Hospital Limerick-ല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധസംഘത്തെ ഉടന്‍ നിയമിക്കാന്‍ HSE-ക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 111 രോഗികള്‍ നിലവില്‍ ട്രോളികളിലാണ് കഴിയുന്നത്. സ്ഥിതി ആശങ്കാജനകമാണെന്ന് പറഞ്ഞ മന്ത്രി സ്റ്റീഫന്‍ ഡോനലി, ഉടന്‍ നടപടിയെടുക്കാന്‍ HSE-ക്ക് നിര്‍ദ്ദേശം നല്കി.
Irish Nurses and Midwives Organisation (INMO) പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞയാഴ്ച 649 രോഗികളാണ് വരാന്തയിലെ ട്രോളികളിലും, അത്യാഹിതവിഭാഗത്തിലും, വാര്‍ഡുകളിലുമായി ചികിത്സ തേടിയത്. അതേസമയം വാരാന്ത്യത്തില്‍ എത്ര പേരെ ട്രോളികളില്‍ കിടത്തി ചികിത്സിക്കേണ്ടിവന്നുവെന്നതിന് കൃത്യമായ കണക്കില്ലാത്തതിനാല്‍ സ്ഥിതി ഇതിലും മോശമായിരിക്കാനാണ് സാധ്യത.
ഏപ്രില്‍ 21-ന് 126 രോഗികളെയാണ് ട്രോളികളില്‍ കിടത്തി ചികിത്സിച്ചത് എന്നതാകട്ടെ റെക്കോര്‍ഡുമാണ്.
നിലവില്‍ ചികിത്സയ്ക്കായി രോഗികള്‍ ഏറെ നേരം കാത്തിരിക്കേണ്ട സ്ഥിതിയുമുണ്ട്.
രാജ്യത്തെ എല്ലാ ആശുപത്രികളിലെയും അത്യാഹിതവിഭാഗങ്ങളില്‍ എന്തെല്ലാം കുറവുകളുണ്ടെന്ന് കണ്ടെത്താന്‍ HSE തലവനായ പോള്‍ റീഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ഡോനലി പറഞ്ഞു. University Hospital Limerick മാനേജ്മെന്റുമായും, HSE-യുമായും താന്‍ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.