അയര്‍ലണ്ടിലെത്തുന്ന ഉക്രെയിന് അഭയാര്‍ത്ഥികളെ പുനഃരധിവസിപ്പിക്കാനായി വീട്ടില്‍ സൗകര്യം ചെയ്തുനല്‍കുന്നവര്‍ക്ക് മാസം 400 യൂറോ സഹായധനം നല്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍. അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുമ്പോഴുണ്ടാകുന്ന വിവിധങ്ങളായ ചെലവുകള്‍ ഉദ്ദേശിച്ചാണ് ഈ സഹായം നല്കാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നേരത്തെ അഭയാര്‍ത്ഥികളെ താമസിപ്പിക്കാമെന്ന് വ്ഗാദാനം ചെയ്ത പകുതിയിലേറെ പേരും വാക്ക് പാലിച്ചില്ലെന്ന് ഐറിഷ് റെഡ് ക്രോസ് സംഘടന നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വാഗ്ദാനം നല്കിയ 16% പേര് പിന്നീട് വാക്ക് മാറ്റിയപ്പോള്‍, 38% പേരെ ഫോണിലോ മറ്റോ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് റെഡ് ക്രോസ് കണ്ടെത്തിയത്. ഇതോടെ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്ന കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം ഓട്ടോമാറ്റിക്കായി സഹായധനം ലഭിക്കില്ല. അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്കുന്ന വീട്ടുകാര്‍ അക്കാര്യം കാട്ടി പ്രത്യേകം അപേക്ഷ നല്കുന്ന തരത്തിലാകും പദ്ധതി. 400 യൂറോ എന്നത് അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഭയാര്‍ത്ഥികളെ രാജ്യത്തേയ്ക്ക് സ്വീകരിക്കുന്ന കാര്യത്തില്‍ നിയന്ത്രണമൊന്നും വച്ചിട്ടില്ലെന്നും, ഇവിടേയ്ക്ക് വരുന്നവരെ സ്വീകരിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതുവരെ 25,000 ഉക്രെയിന്‍കാരാണ് ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ച ശേഷം പലായനം ചെയ്ത് അയര്‍ലണ്ടിലെത്തിയത്. ഇതില്‍ 16,000 പേരെ ഇനിയും പുനഃരധിവസിപ്പിക്കാനുണ്ട്.