ലിമറിക്കില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച മുന്‍ സ്പോര്‍ട്സ് താരത്തിന്റെ സംസ്കാരം നടന്നു. ഏപ്രില്‍ 15-ന് രാത്രി 10.25-ഓടെയാണ് ലിമറിക്ക് സിറ്റിയിലെ പാര്‍നല്‍ സ്ട്രീറ്റിലുള്ള കോള്‍ബര്‍ട്ട് സ്റ്റേഷന് പ്ലാസയില്‍ പരിക്കേറ്റ നിലയില്‍ ഫുട്ബോള്‍, റഗ്ബി, ഹാന്‍ഡ്ബോള്‍ രംഗങ്ങളിലെ താരമായിരുന്ന Alan Bourke (48)-നെ കണ്ടെത്തിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ University Hospital Limerick-ല്‍ എത്തിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.
St Mary’s Church-ല്‍ വച്ചാണ് അലന്റെ അന്തിമോപചാരങ്ങള്‍ നടന്നത്. ശേഷം Castlemungret Cemetery-യില്‍ സംസ്കരിച്ചു. സെന്റ് മേരീസ് പാര്‍ക്ക് സ്വദേശിയാണ് അദ്ദേഹം.
ഐറിഷ് അണ്ടര്‍-18 റഗ്ബി ടീമിനായും, പിന്നീട് St Mary’s RFC-ക്കായും, ഷാനണ്‍ റഗ്ബി സീനിയര്‍ ടീമിനായും കളിച്ച അലന്, 1994-ല്‍ Mungret Regional Football Club-ലൂടെ Munster Junior Cup-ഉം നേടിയിട്ടുണ്ട്. ഹാന്‍ഡ് ബോള്‍ രംഗത്തും പ്രശസ്തനായിരുന്നു അദ്ദേഹം.
സ്പോര്‍ട്സ് ക്ലബ്ബ് അംഗങ്ങള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിങ്ങനെ നിരവധി പേര് സംസ്കാരത്തിന് മുന്നോടിയായുള്ള കുര്‍ബ്ബാനയ്ക്കായി ഒത്തുകൂടിയിരുന്നു.
സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.