പ്രശസ്ത ബിയര്‍ ബ്രാന്‍ഡായ ഹെയ്നെകിൻ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചത് കാരണം വില വര്‍ദ്ധന മാത്രമാണ് മുന്നിലുള്ളതെന്ന് ഡച്ച് കമ്പനിയായ ഹെയ്നെകിൻ പറയുന്നു.
ഹെയ്നെകിന് പുറമെ Birra Moretti, Amstel എന്നീ ബിയറുകളും ഇതേ കമ്പനിയാണ് നിര്‍മ്മിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തങ്ങള്‍ പ്രതീക്ഷിച്ചതിലുമധികം ബിയര്‍ വില്‍പ്പനയാണ് നടന്നതെന്നും കമ്പനി പറയുന്നു.
നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ദ്ധനയും, വിതരണമേഖലയിലെ ചെലവ് വര്‍ദ്ധിച്ചതും ബിസിനസിനെ ബാധിക്കുന്നുണ്ട്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശം കാരണം ധാന്യവില വര്‍ദ്ധിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. വരും മാസങ്ങളില്‍ ചെലവ് ഇനിയും വര്‍ദ്ധിക്കുന്നത് മുന്നില്‍ക്കണ്ടാണ് നിലവില്‍ ബിയറിന് വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളില്‍ കമ്പനിയുടെ വരുമാനം 24.9% വര്‍ദ്ധിച്ച് 5.7 ബില്യണ്‍ യൂറോയില്‍ എത്തിയിരുന്നു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ബിയര്‍ വില്‍പ്പന 5.2% വര്‍ദ്ധിക്കുകയും ചെയ്തു.