സൂക്ഷിക്കുക! അയർലണ്ടിൽ മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ 41 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഗാർഡ

അയര്‍ലണ്ടില്‍ ഈ വര്‍ഷം മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ 41 സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗാര്‍ഡ. ‘Drink spiking’ എന്നറിയപ്പെടുന്ന ഇത്, ഇരയെ ബോധം കെടുത്തി ശാരീരികമായി ഉപദ്രവിക്കാനും മറ്റും ലക്ഷ്യമിട്ടാണ് നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിലധികം സംഭവങ്ങള്‍ നടന്നിരിക്കാമെന്നും, ഇത്തരം അനുഭവമുണ്ടായാല്‍ മറച്ചുവയ്ക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്നും അനിഷ്ടസംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 11 വരെയാണ് 41 ഡ്രിങ് സ്‌പൈക്കിങ് സംഭവങ്ങള്‍ ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്‌പൈക്കിങ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമായി പുതിയ ഓണ്‍ലൈന്‍ സംവിധാനം Safe Gigs Ireland-ഉം Cork Sexual Violence Centre-ഉം ചേര്‍ന്ന് ഈയിടെ പുറത്തിറക്കിയിരുന്നു. 80 പേരാണ് തങ്ങള്‍ക്ക് സ്‌പൈക്കിങ് സംബന്ധിച്ചുള്ള ദുരനുഭവങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്തത്.

പൊതു ബാറുകള്‍ക്ക് പുറമെ പ്രൈവറ്റ് പാര്‍ട്ടികളിലും ഇത്തരം സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പലരും എന്താണ് സംഭവിച്ചതെന്ന് അറിയുന്നത് പോലും മണിക്കൂറുകള്‍ക്ക് ശേഷമാണ്.

പാര്‍ട്ടിക്കിടെയോ, ബാറില്‍ വച്ചോ അസ്വസ്ഥത അനുഭവപ്പെടുകയോ, സ്‌പൈക്കിങ് നടന്നുവെന്ന് സംശയം തോന്നുകയോ ചെയ്താല്‍ ഉടന്‍ വിശ്വാസമുള്ള ആരെങ്കിലുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറണമെന്നാണ് അധികൃതര്‍ നല്‍കുന്ന ഉപദേശം. ആവശ്യമെങ്കില്‍ ആശുപത്രിയില്‍ ചികിത്സ തേടാം. ഗാര്‍ഡയെ ബന്ധപ്പെട്ടാലും സഹായം ലഭിക്കും.

അപരിചിതരില്‍ നിന്നും മദ്യം വാങ്ങി കഴിക്കാതിരിക്കുക, തങ്ങളുടെ ഗ്ലാസ് കൃത്യമായി ശ്രദ്ധിക്കുക എന്നിവയാണ് സ്‌പൈക്കിങ് തടയാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍. സ്‌പൈക്കിങ്ങിന് ഇട നല്‍കുന്ന തരത്തില്‍ ബോധം പോകും വരെ അമിതമായി മദ്യപിക്കാതിരിക്കാനും ശ്രദ്ധിക്കുക.

Share this news

Leave a Reply

%d bloggers like this: