പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ എക്സ്ഇ വേരിയന്റ് വടക്കന്‍ അയര്‍ലണ്ടില്‍ ഏതാനും പേരില്‍ സ്ഥിരീകരിച്ചു. Omicron BA.1, BA.2 എന്നീ വകഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെട്ടതാണ് എക്സ്ഇ.
അതേസമയം യു.കെയില്‍ ഇതുവരെ 1,179 പേര്‍ക്കാണ് എക്സ്ഇ വകഭേദം സ്ഥിരീകരിച്ചത്. അഞ്ചില്‍ താഴെ കേസുകളാണ് വടക്കന്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. യു.കെയില്‍ ജനുവരി 19-നാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. രോഗബാധ തടയാനുള്ള മുന്‍കരുതലുകളെല്ലാം എടുത്തതായും ബ്രിട്ടിഷ് ആരോഗ്യവകുപ്പ് പറഞ്ഞു.
ഒന്നിലേറെ വകഭേദങ്ങള്‍ നിലനില്‍ക്കേ, അവ കൂടിച്ചേര്‍ന്ന് പുതിയ വകഭേദങ്ങള്‍ രൂപംകൊള്ളുന്നത് അസ്വാഭാവികമല്ലെന്ന് ബ്രിട്ടിഷ് ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു. പുതിയ വകഭേദങ്ങളുണ്ടാകുന്നത് തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം രോഗബാധ കുറയ്ക്കുകയും, സമൂഹത്തില്‍ വൈറസ് പരക്കുന്നത് തടയുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യത്തിന് വായുസഞ്ചാരമില്ലാത്ത ഇടങ്ങള്‍, ജനക്കൂട്ടം എന്നിവിടങ്ങളില്‍ മാസ്ക് ധരിക്കുക, കൃത്യമായി വാക്സിന് എടുക്കുക, ആശുപത്രികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക എന്നിവ അത്യന്താപേക്ഷികമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സാധാരണ ഒമിക്രോണ്‍ വകഭേദത്തെക്കാള്‍ 10% വ്യാപനശേഷി എക്സ്ഇ വകഭേദത്തിന് കൂടുതലാണെന്നാണ് നിലവിലെ പഠനങ്ങള്‍ പറയുന്നത്. വലിയ തരത്തിലുള്ള വ്യാപനം ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും, അശ്രദ്ധയുണ്ടായാല് ഇനിയുമൊരു കോവിഡ് തരംഗം സൃഷ്ടിക്കാന്‍ എക്സ്ഇ വകഭേദത്തിന് കരുത്തുണ്ട് എന്നര്‍ത്ഥം.