അവശ്യത്തിന് സെക്യൂരിറ്റി ജോലിക്കാരില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഈ വാരാന്ത്യം തിരക്കേറുമെന്ന് അനുമാനം. ഈസ്റ്റര്‍ അവധി കൂടിയായ വാരാന്ത്യം 5 ലക്ഷം പേര്‍ എയര്‍പോര്‍ട്ട് വഴി സഞ്ചരിക്കമെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്.
തിരക്ക് കാരണം മണിക്കൂറുകളാണ് യാത്രക്കാര്‍ നിലവില്‍ ഇവിടെ സെക്യൂരിറ്റി ചെക്കിനായി ക്യൂ നില്‍ക്കേണ്ടിവരുന്നത്. കഴിഞ്ഞയാഴ്ച ഒന്നാം ടെര്‍മിനലിന് പുറത്തേയ്ക്ക് വരെ ക്യൂ നീണ്ട സാഹചര്യവും ഉണ്ടായിരുന്നു.
ഇതിനിടെ 500 പേരെ സെക്യൂരിറ്റി ജോലിക്കായി ഇന്റര്‍വ്യൂവിന് ക്ഷണിച്ചിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
അതേസമയം യാത്രക്കാര്‍ ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് വളരെ നേരത്തെ എര്‍പോര്‍ട്ടിലെത്തരുതെന്നാണ് DAA (Dublin Airport Authority) നല്‍കുന്ന പുതിയ അറിയിപ്പ്. യാത്രയ്ക്ക് ഏകദേശം 3 മണിക്കൂര്‍ മുമ്പാണ് എയര്‍പോര്‍ട്ടിലെത്തേണ്ടതെന്നും, ഓണ്‍ലൈന്‍ വഴി ഡെസ്‌ക് ഓപ്പണിങ് സമയം പരിശോധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമായി വരികയാണെന്നും എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.
ഇതിനിടെ യാത്രക്കാര്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്ന കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഡബ്ലിന്‍ എയര്‍പോര്‍ട്ടാണെന്ന് ഈയിടെ പുറത്തുവന്ന ഒരു പഠനത്തില്‍ വ്യക്തമായിരുന്നു.