ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിനായുള്ള യാത്രക്കാരുടെ ക്യൂ മണിക്കൂറുകള്‍ നീളുന്ന സാഹചര്യത്തില്‍, ചെക്കിങ്ങിനായി പുതിയ ലെയിനുകള്‍ തുറന്ന് അധികൃതര്‍. ശനിയാഴ്ച രാവിലെ 5 മണി മുതല്‍ തന്നെ ടെര്‍മിനല്‍ ബില്‍ഡിങ്ങിന് പുറത്തേയ്ക്ക് വരെ നീളുന്ന തരത്തില്‍ ക്യൂ രൂപപ്പെട്ടത് അനവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ജീവനക്കാരുടെ എണ്ണക്കുറവ് കാരണം സമയത്തിന് ചെക്ക് ഇന്‍ നടത്താന്‍ സാധിക്കാതെ വരുന്നതിനാല്‍, ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും എര്‍പോര്‍ട്ടിലെത്തിനാണ് നിലവില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.
സ്‌കൂളുകള്‍ കൂടി അടച്ചതോടെ ഈ വാരാന്ത്യം 60,000 മുതല്‍ 80,000 വരെ യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യുമെന്നാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA) കണക്കാക്കുന്നത്. ഈ സാഹചര്യത്തിലുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടിക്കണ്ട് അധിക സെക്യൂരിറ്റി ലെയിനുകള്‍ തുറന്നതായി DAA ട്വിറ്ററില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായി ടാസ്‌ക് ഫോഴ്‌സ് തയ്യാറെടുത്തു കഴിഞ്ഞതായും ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. ഇതോടെ ടെര്‍മിനല്‍ 1-ല്‍ 10 സെക്യൂരിറ്റി ലെയിനുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
യാത്രയ്ക്ക് മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക് ഇന്‍ ചെയ്യാനായി എത്തണമെന്ന നിര്‍ദ്ദേശം DAA ആവര്‍ത്തിക്കുന്നുണ്ട്. യാത്രക്കാരുടെ സഹകരണത്തില്‍ അധികൃതര്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ 18 മാസത്തിനിടെ 248 സെക്യൂരിറ്റി സ്‌ക്രീനിങ് സ്റ്റാഫിനെയാണ് ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നായി പിരിച്ചുവിട്ടതെന്ന് Business Post റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ചെയ്തിരുന്നു. 2020 സെപ്റ്റംബര്‍ മുതല്‍ ഇത്തരത്തില്‍ പിരിച്ചുവിടപ്പെട്ട ആകെ ജീവനക്കാരില്‍ മൂന്നിലൊന്ന് പേരും സെക്യൂരിറ്റി ജോലി ചെയ്തിരുന്നവരാണ്.
അതേസമയം പുതുതായി 300 ജീവനക്കാരെ നിയമിക്കുമെന്ന് DAA പറയുന്നു.