അയര്‍ലണ്ടില്‍ അടുത്തയാഴ്ച മുതല്‍ കോവിഡ് പ്രതിരോധത്തിനുള്ള പുതിയ ആന്റി വൈറല്‍ ഗുളിക നല്കാനാരംഭിക്കുമെന്ന് HSE. Pfizer-ന്റെ 5,000 ആന്റിവൈറല്‍ ഗുളികകള്‍ കഴിഞ്ഞ ദിവസം അയര്‍ലണ്ടിലെത്തിയിരുന്നു. Paxlovid എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗുളികകള്‍ നിലവില്‍ കോവിഡ് ബാധിതരായി ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കാണ് നല്‍കുക.
കൊറോണ വൈറസിനെ ശരീരത്തില്‍ പെരുകാന്‍ അനുവദിക്കാതെ തടയുകയാണ് Paxlovid ചെയ്യുന്നത്. കോവിഡ് കാരണമുള്ള ആശുപത്രി ചികിത്സ 90% വരെ കുറയ്ക്കാന്‍ ഈ ഗുളികയ്ക്ക് കഴിയുമെന്നും അനുമാനിക്കുന്നു.
ആദ്യ ഘട്ടത്തില്‍ ആശുപത്രികളിലെ കോവിഡ് രോഗികള്‍ക്കാണ് വിതരണമെങ്കിലും, പിന്നീട് ജിപിമാര്‍ വഴി Paxlovid ലഭ്യമാകുമെന്നും HSE അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എപ്പോള്‍ മുതലാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനായി കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവന്നേക്കും.
മറ്റ് രോഗങ്ങളുള്ള, ശേഷം കോവിഡ് ബാധിച്ച രോഗികള്‍ക്കാണ് Paxlovid ആദ്യം നല്‍കുക. കോവിഡ് ബാധ രൂക്ഷമാകാതിരിക്കാന്‍ ഇത് സഹായിക്കും.
മറ്റൊരു കോവിഡ് പ്രതിരോധ ഗുളികയായ Sotrovimab, നിലവില്‍ അയര്‍ലണ്ടിലെ ആശുപത്രികളിലുള്ള കോവിഡ് രോഗികള്‍ക്ക് നല്‍കിവരുന്നുണ്ട്. രോഗം അതീവഗുരുതരമാകുമെന്ന് തോന്നിയാല്‍ മാത്രമേ ഇത് നല്‍കുന്നുള്ളൂ. എന്നാല്‍ കോവിഡിന്റെ BA.2 അഥവാ ഒമിക്രോണ്‍ വകഭേദത്തിനെതിരെ Sotrovimab അത്ര ഫലപ്രദമല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് HSE പറയുന്നു. ഈ സാഹചര്യത്തില്‍ Paxlovid -ന്റെ വരവ് പ്രതീക്ഷയാണ്.