ചെലവ് വര്‍ദ്ധിച്ചതോടെ മെയിന്‍ കോഴ്സ് ഭക്ഷണങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് വെളിപ്പെടുത്തി Co Meath-ലെ റസ്റ്ററന്റ് ഉടമ. Trim-ലെ പ്രശസ്തമായ The Stockhouse Restaurant ഉടമയായ മിക്ക് ഹ്യൂഗ്സ് ആണ് തങ്ങളുടെ ദുരവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
ഭക്ഷണം ഉണ്ടാക്കാനുള്ള ചെലവും, ശമ്പളവും 26% വര്‍ദ്ധിച്ചതായാണ് ഹ്യൂഗ്സ് പറയുന്നത്. മെയ് 1 മുതല്‍ ഊര്‍ജ്ജവില വര്ദ്ധിക്കാനിരിക്കുന്നതിന് മുന്നോടിയായി തന്നെ ഇത്രയും ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
20 ലിറ്ററിന്റെ ഒരു ഡ്രം പാചകവാതകത്തിന് 22 മുതല്‍ 32 യൂറോ വരെയാണ് വില വര്ദ്ധിച്ചിരിക്കുന്നതെന്ന് ഹ്യൂഗ്സ് വ്യക്തമാക്കുന്നു. അതായത് 45% വര്‍ദ്ധന. ആഴ്ചയില്‍ നാല് ഡ്രം വീതം പാചകത്തിന് ആവശ്യമാണ്.
കാറ്ററിങ്ങിനായുള്ള ചിക്കന്റെ വില 25% വര്‍ദ്ധിച്ചപ്പോള്‍, ചിപ്സിന് വില വര്‍ദ്ധിച്ചത് 30%. ഒരു കാറ്ററിങ് സൈസ് ബാഗ് ഫ്ളോറിന് നിലവില്‍ 18.50 യൂറോയാണ് വില. മുമ്പ് ഇത് 12.50 ആയിരുന്നു. ഞണ്ടിന് 24.50 യൂറോയില്‍ നിന്നും വില വര്‍ദ്ധിച്ച് 30 യൂറോ ആയി.
ഇതിനെല്ലാം പുറമെ സര്‍വീസ് നിരക്ക് 10% വര്‍ദ്ധിച്ചു. ഒപ്പം ജീവനക്കാരുടെ കൂലിയില്‍ 18 ശതമാനവും വര്‍ദ്ധനയുണ്ടായി. എല്ലാം കൂടിച്ചേരുമ്പോള്‍ ബിസിനസ് നടത്തിക്കൊണ്ടുപോകുന്നത് വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാതെ വന്നതോടെ ഏഴ് ദിവസം തുറന്നിരുന്ന റസ്റ്ററന്റ് നിലവില്‍ അഞ്ച് ദിവസമാക്കി പ്രവര്‍ത്തനസമയം കുറച്ചു.
കോവിഡിന് പുറമെ ബ്രെക്സിറ്റും, റഷ്യ-ഉക്രെയിന് യുദ്ധവും സ്ഥിതി സങ്കീര്‍ണ്ണമാക്കി.
ഇതോടെയാണ് മെയിന്‍ കോഴ്സിന് 2 യൂറോ വില വര്‍ദ്ധിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ഹ്യൂഗ്സ് പറയുന്നു. ഇനിയും 2 യൂറോ കൂടി വൈകാതെ തന്നെ വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അതായത് രണ്ട് പേര്‍ക്കുള്ള മെയിന്‍ കോഴിസിന് ശരാശരി 8 യൂറോയാകും ഇനിമുതല്‍ ഇവിടെ.
ഈ സ്ഥിതി തുടര്‍ന്നാല്‍ ആളുകള്‍ പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയോ, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുമെന്ന ആശങ്കയും ഹ്യൂഗ്സ് പങ്കുവയ്ക്കുന്നു.