ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ ഏറെ നേരം ക്യൂവില്‍ നില്‍ക്കേണ്ട സാഹചര്യം തുടരുന്നതിനിടെ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി മന്ത്രി. സ്റ്റാഫിന്റെ എണ്ണക്കുറവ് കാരണം നിലവില്‍ 30 മുതല്‍ 40 മിനിറ്റ് വരെയാണ് യാത്രക്കാര്‍ സെക്യൂരിറ്റി ചെക്കിനായി ക്യൂ നില്ക്കേണ്ടിവരുന്നത്. അതിനാല്‍ത്തന്നെ വിമാനം പുറപ്പെടുന്നതിന് മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണമെന്നാണ് യാത്രക്കാര്‍ക്ക് നല്കുന്ന നിര്‍ദ്ദേശം.
പ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്ന് ഗതാഗതവകുപ്പ് സഹമന്ത്രി Hildegarde Naughton ഇന്നലെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തി. ജീവനക്കാരെ ഡ്യൂട്ടി മാറ്റി നിയമിക്കുക, അധികസമയം ജോലി ചെയ്യുക, സെക്യൂരിറ്റി ചെക്കിനായി അധിക സമയം നല്‍കുക, യാത്രക്കാരുമായി മെച്ചപ്പെട്ട ആശയവിനിമയം നടത്തുക എന്നിവയാണ് കൂടിക്കാഴ്ചയില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന പരിഹാര മാര്‍ഗ്ഗങ്ങള്‍.
300 പുതിയ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള ഉദ്ദേശ്യവും അധികൃതര്‍ മന്ത്രിയെ അറിയിച്ചു.
എയര്‍പോര്‍ട്ട് അധികൃതരമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എയര്‍ ലിംഗസ്, റയാന് എയര്‍, Irish Aviation Authority എന്നിവയുടെ മേധാവികളുമായും മന്ത്രി ചര്‍ച്ച നടത്തി. നേരത്തെ എയര്‍പോര്‍ട്ടിലെ ക്യൂ സമയം നീളുന്നത് നിയന്ത്രിക്കാന്‍ പട്ടാളത്തെ ഇറക്കണമെന്ന് റയാന് എയര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രശ്നം സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും, അധികൃതരുമായി ചേര്‍ന്ന് വേണ്ടതെല്ലാം ഉടന്‍ തന്നെ ചെയ്യുമെന്നും ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.