മൂന്ന് ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി ചാള്‍സ് രാജകുമാരനും, ഭാര്യ കാമില്ല രാജകുമാരിയും ഇന്നലെ എത്തിയത് വാട്ടര്‍ഫോര്‍ഡില്‍. വാട്ടര്‍ഫോര്‍ഡിലെ കുതിരയോട്ട പരിശീലനകേന്ദ്രത്തിലെത്തിയ കമില്ല, അവിടെ സമയം ചെലവഴിക്കുകയും ചെയ്തു. ഈയിടെ ലോകകിരീടം നേടി അയര്‍ലണ്ടിന്റെ അഭിമാനമുയര്‍ത്തിയ കുതിരയോട്ടക്കാരി റേച്ചല്‍ ബ്ലാക്ക്‌മോറുമായും കമില്ല സംസാരിച്ചു.
‘ഒരു നല്ല പെണ്‍കുതിരയെ തോല്‍പ്പിക്കുക അസാധ്യമാണ്,’ സന്ദര്‍ശനത്തിനിടെ കമില്ല റേച്ചലിനോടും പരിശീലകനായ Henry de Bromhead-ഉം പറഞ്ഞു.
നിങ്ങള്‍ ഭാഗ്യവതിയാണെന്നും, നിങ്ങളോടെനിക്ക് അസൂയ തോന്നുന്നു എന്നുമായിരുന്നു റേച്ചലിന്റെ നേട്ടങ്ങളെ അഭിന്ദിച്ച് കമില്ല പറഞ്ഞത്.
സാധാരണക്കാരെ പോലെയുള്ള പെരുമാറ്റമായിരുന്നു കമില്ലയുടേതെന്നും, എല്ലാവരോടും സൗഹൃദഭാവത്തില്‍ പെരുമാറിയെന്നുമാണ് കുതിരയോട്ട കേന്ദ്രത്തിലെ ആളുകളുടെ പ്രതികരണം.
ഇതിനിടെ കേന്ദ്രത്തിലെ ഒരു കുതിരയായ ഹണി, കമില്ലയെ ചവിട്ടുകയോ, കടിക്കുകയോ ഒക്കെ ചെയ്‌തേക്കുമെന്ന് തങ്ങള്‍ക്ക് ഭയമുണ്ടായിരുന്നെന്നും, എന്നാല്‍ ഭാഗ്യവശാല്‍ ഒന്നും സംഭവിച്ചില്ല എന്നും Henry de Bromhead പറഞ്ഞു.
കമില്ലയുടെയും, ചാള്‍സിന്റെയും സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇത്.
കമില്ല കുതിരകളുടെ വിശേഷം തിരക്കുന്നതിനിടെ സമീപത്തെ ഒരു കൃഷിത്തോട്ടമാണ് ചാള്‍സ് സന്ദര്‍ശിച്ചത്.
ശേഷം സിറ്റി ഹാളില്‍ നടന്ന ചെറിയ പരിപാടിയില്‍ ഇരുവരും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. കായികതാരങ്ങള്‍, കലാപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, സംരംഭകര്‍, രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഹാളില്‍ ഒത്തുകൂടിയിരുന്നു.
അയര്‍ലണ്ടില്‍ ജീവിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് വാട്ടര്‍ഫോര്‍ഡ് എന്ന Irish Times റിപ്പോര്‍ട്ടിനെ പറ്റിയും ചാള്‍സ് പരാമര്‍ശിച്ചു.
വാട്ടര്‍ഫോര്‍ഡിലെ ഉക്രെയിന്‍ സമൂഹത്തിലെ അംഗങ്ങളുമായും ചാള്‍സ് കൂടിക്കാഴ്ച നടത്തി. ഉക്രെയിനില്‍ സംഭവിക്കുന്ന അനിശ്ചിതത്വത്തെയും, ക്രൂരതയെയും പറ്റിയും അദ്ദേഹം സംസാരിച്ചു.