അയര്‍ലണ്ടില്‍ കോവിഡ് കാരണം മദ്യശാലകളും, റസ്റ്ററന്റുകളുമെല്ലാം ഏറെ നാള് അടച്ചിടേണ്ടി വന്നതോടെ 2020, 2021 വര്‍ഷങ്ങളില്‍ 4.7% മദ്യ ഉപഭോഗത്തില്‍ കുറവ് വന്നതായി റവന്യൂ വകുപ്പ്. 2001 മുതല്‍ മദ്യ ഉപഭോഗത്തില്‍ ഓരോ വര്‍ഷവും കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, കോവിഡ് ബാധ കാരണം കാര്യമായ കുറവാണ് ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
2019 വര്‍ഷത്തെ മദ്യ ഉപഭോഗവും, 2021-ലേതും താരതമ്യപ്പെടുത്തുമ്പോള്‍ 9.6% എന്ന ഭീമമായ കുറവും സംഭവിച്ചിട്ടുണ്ട്. ബാറുകളും മറ്റും മാസങ്ങളോളം അടച്ചിടേണ്ടിവന്നതാണ് ഇതിന് കാരണം.
രാജ്യത്ത് ജനകീയമായ ബിയര്‍, സൈഡര്‍ എന്നിവയുടെ ഉപയോഗത്തിലാണ് കാര്യമായ കുറവ് സംഭവിച്ചത്. 2019-നെ അപേക്ഷിച്ച് 2021-ല്‍ ബിയര്‍ ഉപഭോഗം 18.3 ശതമാനവും, സൈഡര്‍ വില്‍പ്പന 15.1 ശതമാനവുമാണ് കുറഞ്ഞത്.
2020-21 കാലയളവില്‍ വൈന്‍ വില്‍പ്പനയില്‍ 13.1% കുറവും, 2019-2021 കാലയളവില്‍ 2.7% കുറവും സംഭവിച്ചിട്ടുണ്ട്.
അതേസമയം സ്പിരിറ്റ് അടങ്ങിയ മദ്യങ്ങളുടെ വില്‍പ്പനയില്‍ വലിയ കുറവ് വന്നില്ല. 2019-നെ അപേക്ഷിച്ച് 2021-ല്‍ 1.9% മാത്രമേ ഈ മദ്യങ്ങളുടെ ഉപഭോഗം കുറഞ്ഞുള്ളൂ.