അയര്‍ലണ്ടില്‍ വംശീയ അതിക്രമങ്ങള്‍ ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 2020-നെ അപേക്ഷിച്ച് 2021-ല്‍ പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. The Irish Network Against Racism (INAR) കഴിഞ്ഞ ദിവസം പുറത്തുവിട്ട തങ്ങളുടെ 2021 അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2021-ല്‍ ആകെ 404 വംശീയ അതിക്രമങ്ങളാണ് ഗാര്‍ഡയുടെ മുന്നിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിതെങ്കിലും, 2020-ല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ പല സംഭവങ്ങളും ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാരണമാകാം അക്കാലത്ത് കണക്ക് വര്‍ദ്ധിച്ചത് എന്നും INAR ചൂണ്ടിക്കാട്ടുന്നു.
2021-ലെ ആകെ സംഭവങ്ങളില്‍ 154 എണ്ണം ക്രിമിനല്‍ കേസുകളാണ്. വംശീയമായ ആക്രമണവും ഇതില്‍ പെടും. വംശീയമായ ചേരിതിരിവ് കാണിച്ചതായുള്ള 90 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇതുവരെയുള്ള റെക്കോര്‍ഡ് ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിന് കാരണം ന്യൂനപക്ഷങ്ങള്‍ക്ക് ഗാര്‍ഡയോടുള്ള വിശ്വാസക്കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 2020-ല്‍ ഉണ്ടായ ആകെ വംശീയ അതിക്രമസംഭവങ്ങളില്‍ 43% ആണ് ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021-ല്‍ ആകെ സംഭവങ്ങളില്‍ 25% മാത്രമാണ് ഗാര്‍ഡയ്ക്ക് മുന്നിലെത്തിയത്. വംശീയന്യൂനപക്ഷങ്ങള്‍ക്ക് ഗാര്‍ഡയോടുള്ള മതിപ്പില്ലായ്മ ഇതില്‍ നിന്നും വ്യക്തമാണ്. ഗാര്‍ഡയ്ക്ക് മുന്നിലെത്തിയാലും, നടപടികളൊന്നും എടുത്തേക്കില്ല എന്ന ചിന്തയാണ് ഇതിന് കാരണം. റിപ്പോര്‍ട്ട് ചെയ്തവരാകട്ടെ, വേണ്ട നടപടിയൊന്നും ഗാര്‍ഡ എടുത്തില്ലെന്നും, ഗാര്‍ഡയുടെ ഇടപെടലില്‍ ഒട്ടും തൃപ്തരല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗുരുതരമായ വംശീയ അതിക്രമങ്ങളില്‍ രാജ്യത്ത് കുറവ് വന്നിട്ടുണ്ട്. പക്ഷേ മോശം ഭാഷ ഉപയോഗിക്കുന്നതും, അധിക്ഷേപിക്കുന്നതും വര്‍ദ്ധിക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ വംശീയ അധിക്ഷേപം നേരിടുന്നത് ചൈനക്കാര്‍, സൗത്ത് ഏഷ്യന്‍ വംശജര്‍, മറ്റ് ഏഷ്യന്‍ വംശജര്‍ എന്നിവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.