അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനിച്ച് HSE. രോഗബാധയ്ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതാണ് ആശങ്കപ്പെടുത്തുന്നത്.
തിങ്കളാഴ്ച 16,019 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 1,047 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. മുന്‍ ദിവസത്തെക്കാള്‍ അഞ്ച് പേര് കൂടി പുതുതായി അഡ്മിറ്റ് ചെയ്യപ്പെട്ടു. 42 പേരാണ് ഐസിയുവില്‍ കഴിയുന്നത്.
2022 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം 1,000 കടക്കുന്നത്. 2021 ജനുവരിയില്‍ 2,020 പേരെ അഡ്മിറ്റ് ചെയ്തതാണ് ഇതുവരെയുളളതില്‍ ഏറ്റവുമുയര്‍ന്ന കണക്ക്.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന രോഗികളില്‍ പകുതിയോളം പേരും വേറെ രോഗങ്ങളുമായി ആശുപത്രിയിലെത്തുകയും, ടെസ്റ്റിങ്ങില്‍ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെടുകയും ചെയ്തവരാണ്. ആകെ ആശുപത്രി രോഗികളില്‍ 30 ശതമാനത്തിലേറെ പേര് വാക്സിന് സ്വീകരിക്കാത്തവരുമാണ്.
കോവിഡ് സുരക്ഷ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താന്‍ HSE ഒരുങ്ങുന്നുണ്ടെങ്കിലും പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശം പുനരവതരിപ്പിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ തന്നെയിരിക്കുക, മൂന്നാം ഡോസ് ബൂസ്റ്റര്‍ ഷോട്ട് എടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മെസേജ് വഴി ജനങ്ങള്‍ക്ക് അയയ്ക്കാനാണ് നീക്കം.
രാജ്യത്ത് നിലവിലെ RTPCR ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.3% ആണ്.