അയര്‍ലണ്ടില്‍ ദിനംപ്രതിയെന്നോണം ഉയരുന്ന ജീവിതച്ചെലവുകള്‍ നേരിടാന്‍ ജനങ്ങള്‍ക്ക് ഇടക്കാല സഹായ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. പ്രതിപക്ഷം, വിവിധ സംഘടനകള്‍ എന്നിവ ശക്തമായ ആവശ്യവും, വിമര്‍ശനവും ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.
ഇന്ധനം, അവശ്യസാധനങ്ങള്‍ എന്നിങ്ങനെയുള്ളവയ്ക്ക് വില വര്‍ദ്ധിച്ചതും, മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് വര്‍ദ്ധിക്കാനിരിക്കുന്നതുമെല്ലാം ആഗോള പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോവിഡിന് ശേഷം സമ്പദ് വ്യവസ്ഥ പഴയ കരുത്ത് വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോഴുള്ള സ്വാഭാവികമായ വിലക്കയറ്റമാണിത്- പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് മന്ത്രി മൈക്കല്‍ മഗ്രാത്ത് പറഞ്ഞു.
പണപ്പെരുപ്പം ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജ് 1.4-1.5 മില്യണ്‍ യൂറോയോളം നീക്കിവച്ചുകൊണ്ടാണെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ നേരത്തെ പറഞ്ഞിരുന്നു. പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ:
- എല്ലാ വീട്ടുകാര്‍ക്കും Enhanced energy credit ആയി 200 യൂറോ. ഗ്യാസ്, ഹീറ്റിങ് എന്നിങ്ങനെ എനര്‍ജി സംബന്ധിച്ച ചെലവുകള്‍ ലക്ഷ്യമിട്ടാണിത്.
- നിലവില്‍ ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സെന്റ് പാട്രിക്‌സ് ദിനത്തില്‍ 125 യൂറോ അധികമായി നല്‍കും.
- മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് drug repayment scheme എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.
- Bus Eireann, Irish Rail, DART, Dublin Bus, Luas, Local Link എന്നിവ അടക്കമുള്ള പൊതുഗതാഗതസംവിധാനങ്ങളില്‍ ടിക്കറ്റ് തുകയില്‍ 20% ഇളവ്. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന ഇളവ്, വര്‍ഷാവസാനം വരെ പ്രാബല്യത്തിലുണ്ടാകും.
അതേസമയം പാക്കേജ് അപര്യാപ്തമാണെന്ന് പ്രതിപക്ഷം വിമര്‍ശനമുര്‍ത്തിക്കഴിഞ്ഞു. വീട്ടുകാര്‍ക്ക് എനര്‍ജി ക്രെഡിറ്റ് വഴി 200 യൂറോ നല്‍കുകയല്ല വേണ്ടതെന്നും. ഓരോ വ്യക്തികള്‍ക്കും അത് ലഭ്യമാക്കണമെന്നും Sinn Fein TD Pearse Doherty പറഞ്ഞു. 30,000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 200 യൂറോയും, 30,000 മുതല്‍ 60,000 യൂറോ വരെ വരുമാനമുള്ളവര്‍ക്ക് 100 യൂറോ വീതവും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാടകവര്‍ദ്ധന ബാധിച്ചിരിക്കുന്നവര്‍ക്ക് വാടക നിരക്ക് മരവിപ്പിക്കണമെന്ന് ലേബര്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടു. ചെലവ് കുറയ്ക്കാനായി പലയിടത്തായി അന്വേഷിച്ച് ഏറ്റവും വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ ലേബര്‍ TD Aodhan O Riordrain നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം തങ്ങള്‍ എന്തൊക്കെ ചെയ്താലും പ്രതിപക്ഷത്തിന് അത് തൃപ്തി തോന്നില്ല എന്നാണ് വരദ്കര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.